കോട്ടയം: ഇത് പാലക്കാട് സ്വദേശിനിയായ അർച്ചനാ വിജയൻ. വൈകല്യങ്ങളെ അതിജീവിച്ച് പ്രതിസന്ധികളെ പരാജയപ്പെടുത്തി കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ അർച്ചന വിജയൻ ഇനി ''ഡോ. അർച്ചന വിജയൻ''.
സ്‌പൈനൽ മസ്കുലാർ അട്രോഫി കൂടപ്പിറപ്പായ അർച്ചന വിജയൻ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ വൈകല്യങ്ങളെ അതിജീവിച്ചു ചിറകു വിരിച്ചു പറക്കുകയാണ്. തന്റെ സ്വപ്‌നങ്ങൾ ഒന്നൊന്നായി സാധിച്ചെടുക്കുമ്പോൾ മറ്റുള്ളവർക്ക് പ്രചോദനമാകാനും ആത്മവിശ്വാസം പകർന്നു നൽകാനും അർച്ചന മറക്കാറില്ല.
2018ൽ ആണ് സ്‌പൈനൽ മസ്കുലാർ അട്രോഫി(SMA) കൂടപ്പിറപ്പായ അർച്ചന വിജയൻ എന്ന പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിസ് പഠനത്തിനായി ചേർന്നത്. സ്നേഹത്തോടെ എല്ലാവരും കുഞ്ഞിപെണ്ണെന്നു വിളിക്കുന്ന അർച്ചന മികച്ച ഒരു ഗായിക കൂടിയാണ്. എസ്എംഎ ക്യാമ്പയിൻ ഭാഗമായുള്ള മ്യൂസിക് ഗ്രൂപ്പിലും മൈൻഡ്(Mobility In Dystrophy) എന്ന കൂട്ടായ്മയിലും സജീവമാണ് അർച്ചന. പരിമിതികൾക്കുള്ളിൽ നിന്ന് ഡോക്ടറാകുക എന്ന തന്റെ സ്വപ്നത്തെ പലരും പലപ്പോഴായി അവഗണിച്ചെങ്കിലും അതെല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി ആത്മവിശ്വാസത്തോടെ തന്റെ സ്വപ്നം നേടിയെടുത്തിരിക്കുകയാണ് ഇപ്പോൾ അർച്ചന. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാകുക എന്നത്, ആഗ്രഹങ്ങൾ,അതിനു ഒരിക്കലും ഓപ്‌ഷൻ ബി ഇല്ല എന്ന് അർച്ചന പറയുന്നു. വൈകല്യങ്ങളെ ഒരിക്കലും മാറ്റി നിർത്തരുത് അവരോടു വിവേചനം കാണിക്കരുത് എന്നും അർച്ചന പറഞ്ഞു. പാലക്കാട് സ്വദേശികളായ വിജയന്റെയും ദേവി വിജയന്റെയും മകളായ അർച്ചനയ്ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് എസ്എംഎ കണ്ടെത്തുന്നത്. വളർന്നു വന്ന ഓരോ പ്രായത്തിലും മാതാപിതാക്കൾ അർച്ചനയെ കൂടുതലായി ശ്രദ്ധിച്ചിരുന്നു. വളർച്ചയുടെ നാഴികക്കല്ലുകൾ ആർജ്ജിച്ചെടുക്കാനുള്ള അർച്ചനയുടെ പ്രയാസം മാതാപിതാക്കൾ മനസ്സിലാക്കിയിരുന്നു.
ആദ്യ കാലങ്ങളിൽ ഇരിക്കാൻ പോലും കഴിയാതെ വളരെയധികം ബുദ്ധിമുട്ടനുഭവിച്ച അർച്ചന ഇന്ന് സന്തോഷവതിയാണ്. തുടർച്ചയായ ഫിസിയോതെറാപ്പി സെഷനുകൾ അർച്ചനയിൽ മാറ്റങ്ങൾ കൊണ്ട് വന്നു. മികച്ച വിദ്യാഭ്യാസം തന്റെ മകൾക്ക് നൽകണമെന്ന ലക്ഷ്യമായിരുന്നു അർച്ചനയുടെ മാതാപിതാക്കൾക്കുണ്ടായിരുന്നത്. വിദ്യാലയത്തിലേക്കും തിരിച്ചു വീട്ടിലേക്കും അർച്ചനയ്‌ക്കൊപ്പം എന്നും കൂട്ടായി പിതാവ് ഉണ്ടായിരുന്നു.
സ്‌കൂൾ വിദ്യാഭ്യാസ കാലങ്ങളിൽ ഒരിക്കൽ പോലും തന്റെ മനസ്സ് വേദനിച്ചിട്ടില്ലെന്നു അർച്ചന ഓർക്കുന്നു. കാരണം എന്തിനും ഏതിനും കൂട്ടായി സഹപാഠികളും അധ്യാപകരും ഒപ്പമുണ്ടായിരുന്നു. എല്ലാ ക്ലാസ്സുകളിലും മികച്ച വിദ്യാർത്ഥിയായിരുന്നു അർച്ചന. കഠിനാദ്ധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി മൂന്നാം തവണയാണ് എൻട്രൻസിൽ അർച്ചനയ്ക്ക് മെഡിക്കൽ സീറ്റ് ലഭിച്ചത്. ഡോക്ടറാകാനുള്ള ആഗ്രഹത്തിൽ പത്താം ക്ലാസ്സ് വിദ്യാഭ്യാസത്തിനു ശേഷം സയൻസ് സ്ട്രീം എടുക്കാൻ താല്പര്യപ്പെട്ട തനിക്ക് നേരിടേണ്ടി വന്നത് കടുത്ത വിവേചനമായിരുന്നു എന്ന് അർച്ചന വേദനയോടെ ഇന്നും ഓർക്കുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പഠന ദിവസങ്ങൾ തനിക്ക് എന്നും സന്തോഷങ്ങളും നല്ല ഓർമ്മകളും മാത്രമേ സമ്മാനിച്ചിട്ടുള്ളൂ എന്നും അർച്ചന പറഞ്ഞു. സഹപാഠികളും അധ്യാപകരും കൂടെത്തന്നെയുണ്ടായിരുന്നെന്നും അർച്ചന സാക്ഷ്യപ്പെടുത്തുന്നു.
നിരവധിപ്പേർ ഇന്നും അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാനാകാതെ വൈകല്യങ്ങളിൽ ഒതുങ്ങിക്കൂടുന്നുണ്ട്. ചിലർ പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും അവരവരുടെ സ്വപ്നങ്ങൾക്ക് പിന്നാലെ എത്തും.
അവഗണയല്ല പിന്തുണയാണ് ഏറ്റവും വലുത്. തന്റെ മാതാപിതാക്കളുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഈ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കാൻ തനിക്ക് സാധിച്ചതെന്നു അർച്ചന പറഞ്ഞു.
'' പലർക്കും കേൾക്കുമ്പോൾ തമാശയായി മാത്രം തോന്നിയിരുന്ന ഒരുപാട് സ്വപ്നങ്ങളുമായാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് വന്നു കയറിയത്. ഒരുപക്ഷെ കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായിട്ടാവും വീൽചെയറിൽ ഒരു പെൺകുട്ടി പഠിക്കാൻ വരുന്നത്. ഒഴുക്കിനൊപ്പം നീന്താൻ ആർക്കും കഴിയും, ഒഴുക്കിനെതിരെ നീന്തണമെന്ന് പഠിപ്പിച്ചത് ഇവിടമാണ്. ഇവിടെ വന്ന് കയറിയ ആ പെൺകുട്ടിയിൽ നിന്ന് ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. ഇവിടെ എത്തിപ്പെട്ട ഏതൊരു ഡിസബിൾഡ് പേഴ്സണും ഇവിടെ നിന്ന് പോകുമ്പോൾ അഭിമാനിക്കാൻ വിധത്തിൽ സ്വയം മാറിയിരിക്കും എന്ന് എനിക്ക് ഉറപ്പ് പറയാൻ കഴിയും''- അർച്ചനയുടെ വാക്കുകൾ ഇങ്ങനെ.