വൈക്കം: നേരേകടവ്-മാക്കേകടവ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ് എന്ന് സി കെ ആശ എം എൽ എ പറഞ്ഞു. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിനേയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിന് കുറുകെയുള്ള പാലമാണ് നേരേകടവ്-മാക്കേകടവ് പാലം.
22 സ്പാനോടുകൂടിയ ഈ പാലത്തിന്റെ നടുഭാഗത്തതായി 47.16 മീറ്റർ നീളമുള്ള 2 നാവിഗേഷൻ സ്പാനും 35.76 മീറ്റർ നീളമുള്ള 4 സ്പാനും 35.09 മീറ്റർ നീളമുള്ള 16 സ്പാനുകളുമാണുള്ളത്. പാലത്തിന്റെ ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡുകളും ഉണ്ട് കൂടാതെ രണ്ടുവശങ്ങളിലായി ഇരു കരകളിലും സർവിസ് റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 100 ൽ 100 പൈലുകളും 23 ൽ പൈൽ ക്യാപ്പുകളും 21 ൽ 21 പിയർ ക്യാപ്പുകളും രണ്ട് നാവിഗേഷൻ സ്പാനുകളിലുമായുള്ള 8 ഗർഡറുകളും ബാക്കി വരുന്ന 20 സ്പാനുകളിലേക്കുള്ള 80 ഗർഡറുകളിൽ 54 എണ്ണവും മാക്കേകടവ് ഭാഗത്തു നിന്നുമുള്ള 13 സ്പാനുകളിലെ മുഴുവൻ ഗർഡറുകളുടെ ലോഞ്ചിങ്ങും 12 സ്പാനുകളിലെ ഡക്ക് സ്ലാബും കെർബും പൂർത്തികരിച്ചു കഴിഞ്ഞു. നേരേകടവ് സൈഡിൽ പൂർത്തീകരിക്കാൻ ബാക്കി നിന്ന ഒരു പൈൽക്യാപ്പിൻ്റെ കോൺക്രീറ്റ് ജോലികൾ ഇന്നലെ പൂർത്തീകരിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച കോൺക്രീറ്റിംഗ് ജോലികൾ വൈകിട്ടോടെയാണ് അവസാനിച്ചത്. നേരേകടവ്-മാക്കേകടവ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട നൂറാമത്തെ കോൺക്രീറ്റിംഗ് ജോലികളാണ് ഇന്നലെ പൂർത്തീകരിച്ചത്. പൈൽക്യാപ്പിൻ്റെ കോൺക്രീറ്റിംഗിൻ്റെ ആദ്യചട്ടി കോൺക്രീറ്റ് ഇട്ടുകൊണ്ട് നിർമ്മാണ ജോലികൾക്ക് ആരംഭം കുറിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ആനന്ദവല്ലി, വൈസ് പ്രസിഡൻ്റ് സി.പി. അനൂപ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഗിരിജാ പുഷ്കരൻ, സാബു പി. മണലൊടി, ഗ്രാമപഞ്ചായത്ത് അംഗം ജിനു ബാബു, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. മോഹൻ കുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി. സാബു എന്നിവരും നിർമ്മാണസ്ഥലം സന്ദർശിച്ചു.