വൈക്കത്ത് ഇത്തവണ മത്സരം കടുക്കും, ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയിൽ അഭിമാന പോരാട്ടത്തിനൊരുങ്ങി മൂന്നു മുന്നണികളും, വൈക്കത്ത് മാറ്റത്തിന് തിരി കൊളുത്തുമോ


വൈക്കം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കം നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികളെ മൂന്നു മുന്നണികളും പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് വൈക്കം. തെരഞ്ഞെടുപ്പുമായും സ്ഥാനാർഥിത്വവുമായും ബന്ധപ്പെട്ടു വാർത്തകളിൽ നിറഞ്ഞ മണ്ഡലമാണ് വൈക്കം.

 

 ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സിപിഐ സാരഥി പി. പ്രദീപും ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥിയായി കെ.അജിത്തും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കെ.ബിനിമോനുമാണ് മത്സര രംഗത്തുള്ളത്. മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ വൈക്കം വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. രണ്ടുവട്ടം എംഎൽഎ ആയ സിപിഐയിലെ സി കെ ആശയ്ക്ക് പകരം പുതുമുഖം വേണമെന്നു സിപിഐ മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു. പി പ്രദീപ്, എം കെ രാജേഷ്,ശ്രീലക്ഷ്മി അജി, കെ സി നയനകുമാർ എന്നിവരുടെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി പ്രദീപിനെ വൈക്കത്ത് സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. വൈക്കത്ത് സ്ഥാനാർഥി നിർണയത്തിൽ സിപിഐയിലും കോൺഗ്രസിലും ബിജെപിയിലും തർക്കം ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട് വേണ്ടെന്ന് വൈക്കം-തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റികൾ പ്രമേയം പാസാക്കിയിരുന്നു. കെ. ബിനിമോൻ, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കെ.കെ. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതൃത്വം നേതൃത്വത്തിന് മുന്നിൽ നൽകിയിരുന്നത്. കെ ബിനിമോനെ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയായിരുന്നു. ബിഡിജെഎസ് മത്സരിക്കുന്ന വൈക്കം സീറ്റിൽ അവകാശവാദവുമായി ബിജെപി എത്തിയതോടെയാണ് വൈക്കത്ത് തർക്കം ഉടലെടുത്തെങ്കിലും അവയെലാം രമ്യമായി പരിഹരിച്ചു ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥിയായി കെ അജിത്തിനെ മുന്നണി തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ സിപിഐയുടെ ഏക സീറ്റാണ് വൈക്കം. ദീർഘനാളുകളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് വൈക്കം. കഴിഞ്ഞ രണ്ട് തവണയായി സിപിഐ യുടെ സി.കെ ആശയാണ് വൈക്കത്ത് എംഎൽഎ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിലും അധികം വോട്ടുകൾ നൽകിയാണ് വൈക്കം ഇടതുപക്ഷ സ്ഥാനാർഥിയായ സി കെ ആശയെ രണ്ടാമതും വിജയിപ്പിച്ചു നിയമസഭയിലേക്കയച്ചത്. 2016 ൽ 61,997 വോട്ടുകൾ ആശയ്ക്ക് ലഭിച്ചപ്പോൾ 2021 ൽ 71,388 വോട്ടുകളാണ് ആശ നേടിയെടുത്തത്. ആദ്യതവണയിലും കൂടുതൽ വോട്ടുകൾ വൈക്കത്ത് ആശ നേടി. സിപിഐ യുടെ കോട്ടയായ വൈക്കത്ത് കഴിഞ്ഞ രണ്ട് തവണയായി യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 2016 ൽ യുഡിഎഫ് സ്ഥാനാർഥിയായ അഡ്വ. എ സനീഷ്‌കുമാർ 37,413 വോട്ടുകൾ നേടിയപ്പോൾ 2021 ൽ യുഡിഎഫ് സ്ഥാനാർഥിയായ ഡോ.പി.ആർ സോനാ 42,266 വോട്ടുകൾ നേടി. ഇവിടെ രണ്ടു തവണയായി യുഡിഎഫിന്റെ വോട്ട് വിഹിതം കൂടിയിട്ടുണ്ട്. വൈക്കത്ത് കടുത്ത മത്സരത്തിനാണ് ബിജെപി ഒരുങ്ങുന്നത്. മുതിർന്ന സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ. അജിത് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വൈക്കത്ത് സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുകയായിരുന്നു. ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ദളിത് വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല എന്നും വ്യക്തമാക്കിയാണ് കെ അജിത്ത് ബിജെപി അംഗത്വം സ്വീകരിച്ചത്. 2006,2011 വർഷങ്ങളിൽ വൈക്കം എംഎല്‍എയായിരുന്നു കെ അജിത്. വൈക്കത്തെ ജനങ്ങൾക്കിടയിൽ ബന്ധങ്ങളും മണ്ഡലത്തിലെ പ്രവർത്തനങ്ങളും മുൻ നിയമസഭാ സാമാജികനും എന്നത് മുൻനിർത്തി കൂടുകൾ വോട്ടുകൾ നേടി വിജയിക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗൺസിൽ അംഗമായും പ്രവർത്തിച്ചയാളാണ് അജിത്ത്. 2016 ൽ വൈക്കത്ത് ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച എൻ കെ നീലകണ്ഠൻ മാസ്റ്റർ 30,067 വോട്ടുകൾ നേടിയപ്പോൾ 2021 ൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച അജിതാ സാബുവിന് ലഭിച്ചത് 11,953 വോട്ടുകൾ മാത്രമാണ്. ഇവിടെ മുന്നണിക്ക് വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ വൈക്കത്തിന്റെ ഉറച്ച കോട്ട വീണ്ടും ഉറപ്പിക്കുമോ, ദീർഘനാളായുള്ള കോട്ട കൈവിട്ടുപോകുമോ എന്നും അട്ടിമറി വിജയങ്ങളുണ്ടാകുമോ, എന്നും അറിയാൻ കാത്തിരിക്കാം.

Next
This is the most recent post.
Previous
Older Post