Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: ദിവസങ്ങളായി നീണ്ടുനിൽക്കുന്ന എരുമേലിയിലെ ഓട്ടോറിക്ഷ സ്റ്റാന്റിലെ തര്‍ക്കത്തിന് പരിഹാരമായില്ല. പ്രശനങ്ങൾക്ക് താൽക്കാലിക പരിഹാരത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുമെന്നു പോലീസ് പറഞ്ഞ ചർച്ച നടന്നില്ല.

ഇതോടെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കത്തുമായി എരുമേലി ഓട്ടോ സ്റ്റാൻഡിലെത്തിയ രണ്ട് ചെറുപ്പക്കാർ പ്രതിസന്ധിയിലായി. പ്രശ്നം രൂക്ഷമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികളുമായി ചര്‍ച്ച നടത്തുന്നതിനാണ് തീരുമാനിച്ചത്.  എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിന് മുന്‍പിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ പുതിയതായി ഓടാന്‍ എത്തിയ രണ്ട് പേരെ ഇവിടെ നിന്നും ഓടാന്‍ അനുവദിക്കില്ലെന്ന് നിലവിലുള്ള ഓട്ടോറിക്ഷക്കാര്‍ പറഞ്ഞതോടെയാണ് പ്രശനങ്ങൾക്ക് തുടക്കം.

എന്നാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കത്തുമായാണ് തങ്ങള്‍ ഓടാന്‍ എത്തിയതെന്ന് കനകപ്പലം സ്വദേശികളായ രണ്ട് പേര്‍ പറയുന്നു. ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി എരുമേലി പഞ്ചായത്തിന്റെ ടൗണിലും മറ്റ് പ്രദേശങ്ങളിലും ഓടുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ അനുമതി ഉള്ളതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ കത്താണ് ഇവരുടെ കൈവശമുള്ളത്. വീണ്ടും രണ്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ സി.പി.ഐയുടെ തൊഴിലാളി യൂണിയനായ എ.ഐ.ടി.യു.സിയുടെ പിന്തുണയോടെ സ്ഥലത്ത് എത്തിയതോടെ സ്റ്റാന്റിലുള്ള മറ്റ് ഓട്ടോറിക്ഷക്കാര്‍ ഓട്ടം അവസാനിപ്പിച്ച് പോലീസ് സ്റ്റഷനിലെത്തി വിവരം പറഞ്ഞു.

തുടര്‍ന്ന്  29 ന് രാവിലെ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ നിശ്ചയിച്ച തീയതിയിൽ ചർച്ചയ്ക്ക് വിളിക്കാതെ വന്നതോടെ തങ്ങൾക്ക് വില നൽകിയില്ലെന്ന് യൂണിയൻ നേതാവ് സതീഷ് പറഞ്ഞു. ഇതോടെ അതേ സ്റ്റാൻഡിൽ ഓടാൻ  സൗകര്യം ഒരുക്കണമെന്ന് നിലപാടാണ് യൂണിയൻ സ്വീകരിക്കുന്നത്.  ചർച്ച നീണ്ട് പോകുന്നതോടെ രണ്ട് ചെറുപ്പക്കാരുടെയും വരുമാനം തന്നെ പ്രതിസന്ധിയിൽ ആണ്. നിലവില്‍ എരുമേലി പഞ്ചായത്തില്‍ സ്റ്റാന്റ് പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. കനകപ്പലം ഭാഗത്ത് നിന്നുള്ളവര്‍ എരുമേലി സ്റ്റാന്റിന് മുന്‍പില്‍ ഓടാന്‍ എത്തുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതേ സമയം അടുത്ത ആഴ്ച പോലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ചർച്ച വിളിച്ച് ചേർക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സജീവൻ പറഞ്ഞു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: കോട്ടയം ജില്ലയിലെ എരുമേലിയുടെ സമീപ മേഖലകളിൽ മണി ചെയിൻ മാതൃകയിൽ അനധികൃത പണമിടപാട് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി എരുമേലി പോലീസ്. ഇത് സംബന്ധിച്ച് എരുമേലി പോലീസ് ബാങ്കുകൾക്ക് മുന്നറിയിപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിൽ മുക്കൂട്ടുതറ, 40 ഏക്കർ, മൂട്ടപ്പള്ളി ഭാഗങ്ങളിൽ മണി ചെയിൻ മാതൃകയിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായാണ് പോലീസ് വിവരം നൽകിയിരിക്കുന്നത്. ''ഡോളർ ഹബ്'' എന്ന അനധികൃത ആപ്ലിക്കേഷൻ വഴി ട്രേഡിങ് നടത്തുന്നതായും ഇതിലേക്കുള്ള പണമിടപാട് ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ് നടത്തുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കുകളിൽ സംശയാസ്പദമായി പണം എത്തുന്നവരുടെ അക്കൗണ്ടുകൾ ശ്രദ്ധിക്കാനും അത്തരം അക്കൗണ്ടുകളുടെ വിവരങ്ങൾ കൈമാറാനാണ് പോലീസ് ബാങ്കുകളോട് നിർദ്ദേശിച്ചിരിക്കുന്നത്. സാധാരണക്കാരാണ് കൂടുതലും പണം നിക്ഷേപിച്ചിരിക്കുന്നതെന്നും പണം നഷ്ടപ്പെടാനുള്ള സാധ്യതകൾ കൂടുതലാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ തകർക്കുന്ന സംഘടിത സാമ്പത്തിക കുറ്റകൃത്യമായതിനാലും ബാങ്കുകൾ ഇത്തരം കാര്യങ്ങൾ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും വിവരങ്ങൾ പൊലീസിന് കൈമാറണമെന്നുമാണ് നിർദ്ദേശം. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി എരുമേലി മുക്കൂട്ടുതറ സെൻട്രൽ ബാങ്ക് മാനേജർക്ക് പോലീസ് കത്ത് നൽകിയിട്ടുണ്ട്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷികപൊതുയോഗം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ സി.എസ്. അനു മുഖ്യപ്രഭാഷണം നടത്തി. ശിശുക്ഷേമസമിതി വൈസ് ​പ്രസിഡന്‍റ് ആർ. അനന്തനാരായണ റെഡ്യാർ, ട്രഷറർ ടി. ശശികുമാർ എന്നിവർ പ്രസംഗിച്ചു. 2025-26 വർഷത്തെ വരവുചെലവുകണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു.

കുട്ടികളുടെ മാനസിക, സാംസ്‌കാരിക ഉന്നമനം, സുരക്ഷ, സംരക്ഷണം, സമഗ്രക്ഷേമം എന്നിവയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലാ ഘടകമാണ് ജില്ലാ ശിശുക്ഷേമസമിതി. ജില്ലാ കളക്ടറാണ് ​പ്രസിഡന്‍റ്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ നാളെ രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടര വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടടെന്നാണ് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ  സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ ചിത്രങ്ങൾ പകർത്തുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കോട്ടയം ഉൾപ്പടെ 3 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും തെരുവനായ ശല്യത്തിന് സമയബന്ധിതമായി ശാശ്വത പരിഹാരം കാണുന്നതിന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

നഗരത്തിലെ നിലവിലെ സാഹചര്യം വിശദമായി പരിശോധിച്ച യോഗം നഗരത്തെ പൂര്‍ണമായും തെരുവുനായ മുക്തമാക്കാന്‍ കഴിയുന്ന പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു. അലഞ്ഞു തിരിയുന്ന നായകളെ പിടികൂടി പാര്‍പ്പിക്കുന്നതിന് മതിയായ സൗകര്യങ്ങളുള്ള പുതിയൊരു കേന്ദ്രം സജ്ജമാക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.

നായകള്‍ക്ക് ഭക്ഷണവും കുറ്റമറ്റ പരിപാലനവും ഉറപ്പാക്കുന്ന കേന്ദ്രമായിരിക്കണം ഇത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത സ്ഥലത്ത് ഇത് സജ്ജീകരിക്കാന്‍ ശ്രദ്ധിക്കണം. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കേണ്ടതുണ്ട്. പ്രായമായതും രോഗം ബാധിച്ചതുമായ വളര്‍ത്തു നായകളെ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണത തടയുന്നതിന് നായകള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

നായകളെ പിടികൂടുന്നതിന് പരിശീലനം സിദ്ധിച്ച കൂടുതല്‍ ആളുകളുടെ സേവനം വേണ്ടതുണ്ട്. ഇങ്ങനെ പിടികൂടുന്ന നായകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വാഹനങ്ങളും സജ്ജീകരിക്കണം. പൊതു സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഭക്ഷണ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നഗരത്തിന്‍റെ സമീപ പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാക്കണം. രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, ആര്‍.ഡി.ഒ നിജു കുര്യന്‍, തഹസില്‍ദാര്‍ സിറിള്‍ സഞ്ജു ജോര്‍ജ്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കെ, ശബരിമലയുടെ പ്രധാന ഇടത്താവളവും പരമ്പരാഗത തീർത്ഥാടന കേന്ദ്രവുമായ എരുമേലിയിൽ പ്രാദേശികതല മുന്നൊരുക്കങ്ങൾ ഇനിയും സജീവമായിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നു.

തീർത്ഥാടന കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള യോഗങ്ങളും അവലോകന ചർച്ചകളും സാധാരണയായി ഈ സമയത്ത് ആരംഭിക്കേണ്ടതാണ്. എന്നാൽ എരുമേലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യമായ മുന്നൊരുക്കങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന വിമർശനം.

അതേസമയം, തീർത്ഥാടന മുന്നൊരുക്കങ്ങൾ സംബന്ധിച്ച് പൂഞ്ഞാർ എംഎൽഎ ഒക്ടോബർ 3ന് എരുമേലിയിൽ അവലോകന യോഗം വിളിച്ചിരുന്നെങ്കിലും പഞ്ചായത്ത് അംഗങ്ങളുടെ ഊട്ടി യാത്രയെ തുടർന്ന് യോഗം മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടായതായാണ് വിവരം. ചില പഞ്ചായത്ത് അംഗങ്ങളുടെ ഇടപെടലിനെ തുടർന്നാണ് യോഗം മാറ്റിവച്ചതെന്നും ആരോപണമുണ്ട്.

തുടർന്നുള്ള ആഴ്ചയിൽ കിലയുടെ പരിശീലന പരിപാടി നടക്കുന്നതിനാൽ പുതിയ അവലോകന യോഗം എപ്പോൾ നടത്താനാകുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

ഗാന്ധി ജയന്തി ദിനത്തിലെ ഊട്ടി യാത്ര

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ സർക്കാർ പരിപാടികളുടെയും സേവന പ്രവർത്തനങ്ങളുടെയും ഏകോപനത്തിൽ പങ്കാളികളാകേണ്ട പഞ്ചായത്ത് അംഗങ്ങളിൽ ഭൂരിപക്ഷവും പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഊട്ടിയിലേക്ക് ടൂർ പോകാൻ തീരുമാനിച്ചതാണ് മറ്റൊരു വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. 

വാർഡുകളിൽ കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിലെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പഞ്ചായത്ത് അംഗങ്ങൾ അതേ ദിവസം തന്നെ വിനോദയാത്രയ്ക്കായി തെരഞ്ഞെടുത്തത് ശരിയായ നടപടിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഭരണ പ്രതിസന്ധിയും ചർച്ചയിൽ

പഞ്ചായത്തിൽ ഭൂരിപക്ഷം ലഭിച്ചിട്ടും പട്ടികവർഗ സംവരണ സ്ഥാനത്ത് അംഗമില്ലാത്ത സാഹചര്യത്തിൽ ഭരണനഷ്ടം നേരിട്ട കോൺഗ്രസ് നേതൃത്വത്തിന് പത്ത് മാസം പിന്നിട്ടിട്ടും ഭരണം തിരിച്ചുപിടിക്കാനുള്ള കാര്യമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.  രാഷ്ട്രീയ-ഭരണ രംഗത്ത് പുതുമുഖമായ പ്രസിഡന്റിന്റെ പരിചയക്കുറവും ഭരണസമിതിയിലെ ഏകോപനമില്ലായ്മയും പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും വിമർശനമുണ്ട്. തീർത്ഥാടന കാലം അടുത്തെത്തിയ സാഹചര്യത്തിൽ റോഡ്, ഗതാഗതം, ശുചീകരണം, മാലിന്യസംസ്കരണം, കുടിവെള്ളം, പാർക്കിംഗ്, തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായി ഏകോപിതമായ മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: കോട്ടയം പനച്ചിക്കാട് സ്വദേശികളായ ദമ്പതികളെയും മകനെയും കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. പനച്ചിക്കാട് സ്വദേശികളായ പാലമുറ്റത്ത് റെജി(62) , ഇയാളുടെ ഭാര്യ സൂസമ്മ(58), ഇവരുടെ മകൻ ജോമറ്റ്(30) എന്നിവരെയാണ് കാണാതായത്.

സെപ്റ്റംബർ 26 നു രാവിലെ 10 മണിയോടെയാണ് ഇവരെ പനച്ചിക്കാട് നിന്നും കാണാതാകുന്നത്. കെഎൽ 26 എഫ് 4374 നമ്പറിലുള്ള ഇയോൺ കാറിലാണ് ഇവർ പോയിട്ടുള്ളത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കാണാതായതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും വിവിധ സ്ഥലങ്ങളിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

ഗൃഹനാഥനായ റെജി പെയ്ന്റിങ് കോൺ​ട്രാക്ടറാണ്. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് വിവരം. പണം ലഭിക്കാതെ വന്നതോടെ തൊഴിലാളികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുടുംബത്തെ കാണാതായതായി വിവരം ലഭിച്ചത്. വാ​ഗമൺ, മുണ്ടക്കയം പ്രദേശങ്ങളിലൂടെ കുടുംബം കാറിൽ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തി.

തീക്കോയി ഭാ​ഗത്താണ് ഇവരുടെ കാർ പോകുന്ന സിസിടിവി ദൃശ്യം ഒടുവിലായി ലഭിച്ചത്. വാ​ഗമണിൽ ഫോൺ സ്വിച്ച് ഓഫായതോടെ കുടുംബത്തെ ട്രാക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കുടുംബം സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നതായാണ് വിവരം. നിരവധി പേരിൽ നിന്നും പണം വാങ്ങിയതായും കുടുംബത്തിന് പലരും പണം നൽകാനുള്ളതായും സമീപവാസി പറയുന്നു. കുടുംബം തമിഴ്നാട്ടിലേയ്ക്ക് കടന്നോ എന്ന സാധ്യതയും അന്വേഷിച്ചു വരികയാണ്.