എരുമേലി: ദിവസങ്ങളായി നീണ്ടുനിൽക്കുന്ന എരുമേലിയിലെ ഓട്ടോറിക്ഷ സ്റ്റാന്റിലെ തര്‍ക്കത്തിന് പരിഹാരമായില്ല. പ്രശനങ്ങൾക്ക് താൽക്കാലിക പരിഹാരത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുമെന്നു പോലീസ് പറഞ്ഞ ചർച്ച നടന്നില്ല.
ഇതോടെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കത്തുമായി എരുമേലി ഓട്ടോ സ്റ്റാൻഡിലെത്തിയ രണ്ട് ചെറുപ്പക്കാർ പ്രതിസന്ധിയിലായി. പ്രശ്നം രൂക്ഷമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികളുമായി ചര്‍ച്ച നടത്തുന്നതിനാണ് തീരുമാനിച്ചത്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിന് മുന്‍പിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ പുതിയതായി ഓടാന്‍ എത്തിയ രണ്ട് പേരെ ഇവിടെ നിന്നും ഓടാന്‍ അനുവദിക്കില്ലെന്ന് നിലവിലുള്ള ഓട്ടോറിക്ഷക്കാര്‍ പറഞ്ഞതോടെയാണ് പ്രശനങ്ങൾക്ക് തുടക്കം.
എന്നാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കത്തുമായാണ് തങ്ങള്‍ ഓടാന്‍ എത്തിയതെന്ന് കനകപ്പലം സ്വദേശികളായ രണ്ട് പേര്‍ പറയുന്നു. ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി എരുമേലി പഞ്ചായത്തിന്റെ ടൗണിലും മറ്റ് പ്രദേശങ്ങളിലും ഓടുന്നതിന് പഞ്ചായത്ത് ഭരണസമിതിയുടെ അനുമതി ഉള്ളതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ കത്താണ് ഇവരുടെ കൈവശമുള്ളത്. വീണ്ടും രണ്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ സി.പി.ഐയുടെ തൊഴിലാളി യൂണിയനായ എ.ഐ.ടി.യു.സിയുടെ പിന്തുണയോടെ സ്ഥലത്ത് എത്തിയതോടെ സ്റ്റാന്റിലുള്ള മറ്റ് ഓട്ടോറിക്ഷക്കാര്‍ ഓട്ടം അവസാനിപ്പിച്ച് പോലീസ് സ്റ്റഷനിലെത്തി വിവരം പറഞ്ഞു.
തുടര്‍ന്ന് 29 ന് രാവിലെ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ നിശ്ചയിച്ച തീയതിയിൽ ചർച്ചയ്ക്ക് വിളിക്കാതെ വന്നതോടെ തങ്ങൾക്ക് വില നൽകിയില്ലെന്ന് യൂണിയൻ നേതാവ് സതീഷ് പറഞ്ഞു. ഇതോടെ അതേ സ്റ്റാൻഡിൽ ഓടാൻ സൗകര്യം ഒരുക്കണമെന്ന് നിലപാടാണ് യൂണിയൻ സ്വീകരിക്കുന്നത്.
ചർച്ച നീണ്ട് പോകുന്നതോടെ രണ്ട് ചെറുപ്പക്കാരുടെയും വരുമാനം തന്നെ പ്രതിസന്ധിയിൽ ആണ്. നിലവില്‍ എരുമേലി പഞ്ചായത്തില്‍ സ്റ്റാന്റ് പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. കനകപ്പലം ഭാഗത്ത് നിന്നുള്ളവര്‍ എരുമേലി സ്റ്റാന്റിന് മുന്‍പില്‍ ഓടാന്‍ എത്തുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അതേ സമയം അടുത്ത ആഴ്ച പോലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ചർച്ച വിളിച്ച് ചേർക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സജീവൻ പറഞ്ഞു.