എരുമേലി: കോട്ടയം ജില്ലയിലെ എരുമേലിയുടെ സമീപ മേഖലകളിൽ മണി ചെയിൻ മാതൃകയിൽ അനധികൃത പണമിടപാട് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി എരുമേലി പോലീസ്. ഇത് സംബന്ധിച്ച് എരുമേലി പോലീസ് ബാങ്കുകൾക്ക് മുന്നറിയിപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിൽ മുക്കൂട്ടുതറ, 40 ഏക്കർ, മൂട്ടപ്പള്ളി ഭാഗങ്ങളിൽ മണി ചെയിൻ മാതൃകയിൽ അനധികൃത പണമിടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായാണ് പോലീസ് വിവരം നൽകിയിരിക്കുന്നത്. ''ഡോളർ ഹബ്'' എന്ന അനധികൃത ആപ്ലിക്കേഷൻ വഴി ട്രേഡിങ് നടത്തുന്നതായും ഇതിലേക്കുള്ള പണമിടപാട് ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ് നടത്തുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കുകളിൽ സംശയാസ്പദമായി പണം എത്തുന്നവരുടെ അക്കൗണ്ടുകൾ ശ്രദ്ധിക്കാനും അത്തരം അക്കൗണ്ടുകളുടെ വിവരങ്ങൾ കൈമാറാനാണ് പോലീസ് ബാങ്കുകളോട് നിർദ്ദേശിച്ചിരിക്കുന്നത്. സാധാരണക്കാരാണ് കൂടുതലും പണം നിക്ഷേപിച്ചിരിക്കുന്നതെന്നും പണം നഷ്ടപ്പെടാനുള്ള സാധ്യതകൾ കൂടുതലാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെത്തന്നെ തകർക്കുന്ന സംഘടിത സാമ്പത്തിക കുറ്റകൃത്യമായതിനാലും ബാങ്കുകൾ ഇത്തരം കാര്യങ്ങൾ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും വിവരങ്ങൾ പൊലീസിന് കൈമാറണമെന്നുമാണ് നിർദ്ദേശം. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി എരുമേലി മുക്കൂട്ടുതറ സെൻട്രൽ ബാങ്ക് മാനേജർക്ക് പോലീസ് കത്ത് നൽകിയിട്ടുണ്ട്.