എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കെ, ശബരിമലയുടെ പ്രധാന ഇടത്താവളവും പരമ്പരാഗത തീർത്ഥാടന കേന്ദ്രവുമായ എരുമേലിയിൽ പ്രാദേശികതല മുന്നൊരുക്കങ്ങൾ ഇനിയും സജീവമായിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നു.



ഗാന്ധി ജയന്തി ദിനത്തിലെ ഊട്ടി യാത്ര
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിവിധ സർക്കാർ പരിപാടികളുടെയും സേവന പ്രവർത്തനങ്ങളുടെയും ഏകോപനത്തിൽ പങ്കാളികളാകേണ്ട പഞ്ചായത്ത് അംഗങ്ങളിൽ ഭൂരിപക്ഷവും പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഊട്ടിയിലേക്ക് ടൂർ പോകാൻ തീരുമാനിച്ചതാണ് മറ്റൊരു വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
വാർഡുകളിൽ കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിലെ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പഞ്ചായത്ത് അംഗങ്ങൾ അതേ ദിവസം തന്നെ വിനോദയാത്രയ്ക്കായി തെരഞ്ഞെടുത്തത് ശരിയായ നടപടിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഭരണ പ്രതിസന്ധിയും ചർച്ചയിൽ
പഞ്ചായത്തിൽ ഭൂരിപക്ഷം ലഭിച്ചിട്ടും പട്ടികവർഗ സംവരണ സ്ഥാനത്ത് അംഗമില്ലാത്ത സാഹചര്യത്തിൽ ഭരണനഷ്ടം നേരിട്ട കോൺഗ്രസ് നേതൃത്വത്തിന് പത്ത് മാസം പിന്നിട്ടിട്ടും ഭരണം തിരിച്ചുപിടിക്കാനുള്ള കാര്യമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. രാഷ്ട്രീയ-ഭരണ രംഗത്ത് പുതുമുഖമായ പ്രസിഡന്റിന്റെ പരിചയക്കുറവും ഭരണസമിതിയിലെ ഏകോപനമില്ലായ്മയും പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും വിമർശനമുണ്ട്. തീർത്ഥാടന കാലം അടുത്തെത്തിയ സാഹചര്യത്തിൽ റോഡ്, ഗതാഗതം, ശുചീകരണം, മാലിന്യസംസ്കരണം, കുടിവെള്ളം, പാർക്കിംഗ്, തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായി ഏകോപിതമായ മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
