ജില്ലയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ സാധിച്ചു, നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം എന്നും ഉണ്ടാകും: വി.വിഘ്‌നേശ്വരി.


കോട്ടയം: ജില്ലയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ സാധിച്ചെന്ന വിശ്വാസത്തിലാണ് കോട്ടയം ജില്ലാ കല്കർ സ്ഥാനത്തു നിന്നും വി.വിഘ്‌നേശ്വരി ഇടുക്കിയിലേക്ക് യാത്രയാകുന്നത്. വെല്ലുവിളികളെ സധൈര്യം നേരിട്ട ആത്മവിശ്വാസത്തോടെയാണ് വിഘ്‌നേശ്വരി കോട്ടയം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്നത്.

 

 കോട്ടയം ജില്ലയുടെ 48-ാമത് കളക്ടറായായിരുന്നു കഴിഞ്ഞ വർഷം ജൂൺ 8 നു വി. വിഘ്‌നേശ്വരി ചുമതലയേറ്റത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും കുറ്റമറ്റ രീതിയിൽ നടത്താൻ മുന്നിൽ നിന്നത് വിഘ്‌നേശ്വരിയായിരുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം കേരളത്തിൽ എത്തിയിട്ടുണ്ടെങ്കിലും കോട്ടയത്ത് എത്തുന്നത് ജില്ലാ കലക്ടറായി നിയമനം ലഭിച്ചപ്പോഴാണ്. അക്ഷര നഗരിയുടെ നാട് എന്ന ഖ്യാതി കേട്ടുകേൾവി മാത്രമായിരുന്നെങ്കിൽ കഴിഞ്ഞ ഒരു വർഷക്കാലം കോട്ടയത്തിനൊപ്പം നിൽക്കാൻ സാധിച്ച സന്തോഷത്തിലാണ് വിഘ്‌നേശ്വരി. നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം എന്നും ഉണ്ടാകും എന്ന ഉറപ്പാണ് വിഘ്‌നേശ്വരിയുടേത്. മധുര സ്വദേശിനിയും 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ വിഘ്‌നേശ്വരി കോട്ടയം ജില്ലാ കലക്ടറായിരുന്ന ഡോ.പി കെ ജയശ്രീ സർവീസിൽ നിന്നു വിരമിച്ച ഒഴിവിലാണ് കോട്ടയം ജില്ലയുടെ കലക്ടറായി എത്തിയത്. 2011-ൽ മധുര ത്യാഗരാജാർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വിഘ്‌നേശ്വരി ഒരുവർഷം ചെന്നൈ ടി.സി.എസിൽ അസിസ്റ്റന്റ് സിസ്റ്റം എൻജീയറായി ഒരുവർഷം ജോലിചെയ്തത്തിനു ശേഷമാണ് 2015-ൽ ഐ.എ.എസ്. നേടിയത്. കോഴിക്കോട് സബ് കളക്ടർ, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. എറണാകുളം കളക്ടർ എൻ.എസ്.കെ.ഉമേഷാണ്‌ വിഘ്‌നേശ്വരിയുടെ ഭർത്താവ്. ഇരുവരും തമിഴ്‌നാട് മധുര സ്വദേശികളാണ്. 

ചിത്രം: ജോമോൻ പമ്പാവാലി.