പുത്തൻ തുടക്കം, തലയോലപ്പറമ്പിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പുതുതായി ആരംഭിച്ച ശാഖ ഉത്‌ഘാടനം ചെയ്തത് മറ്റു ശാഖകളിലെ ജീവനക്കാരികൾ!


തലയോലപ്പറമ്പ്: പുതുതായി ഒരു സ്ഥാപനം ആരംഭിക്കുമ്പോൾ വളരെയേറെ ആവേശവും പ്രത്യേകതകളും സമ്മാനിക്കുന്ന ദിവസമാണ് സ്ഥാപനത്തിന്റെ ഉത്‌ഘാടന ദിവസം. വിശിഷ്ടാതിഥിയും ഉത്‌ഘാടകരുമായി പ്രശസ്തരായവരെ കണ്ടെത്തി എത്തിക്കാനായി എല്ലാവരും ശ്രമിക്കുമ്പോൾ തങ്ങൾക്കൊപ്പം ഇത്രയും നാൾ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച ജീവനക്കാരികളെക്കൊണ്ട് പുതിയ സ്ഥാപനത്തിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചു പുത്തൻ തുടക്കം കുറിച്ചിരിക്കുകയാണ് വൈക്കം സ്വദേശികളായ സിബിനും ഷഹൻഷയും. സ്ഥാപനത്തിന്റെ നിലനിൽപ്പും വളർച്ചയും ഉയർച്ചയുമെല്ലാം ജീവനക്കാരെയും അവരുടെ പെരുമാറ്റവും ആത്മാര്ഥതയുമനുസരിച്ചാണ് എന്ന ഉറച്ച വിശ്വാസമാണ് ഇരുവരെയും തങ്ങളുടെ പുതിയ സ്ഥാപനം ഉത്‌ഘാടനം ചെയ്യാൻ ജീവനക്കാരികൾ തന്നെ മതി എന്ന തീരുമാനത്തിലെത്തിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരികെയെത്തിയ സുഹൃത്തുക്കളും അയൽവാസികളുമായ കോട്ടിപ്പറമ്പിൽ സിബിനും പുളിന്തുരുത്തിൽ ഷഹൻഷാ എന്നിവർ ചേർന്ന് 2018 ലാണ് വൈക്കത്ത് ബട്ടൻസ് എന്ന പേരിൽ സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്ര വ്യാപാര കേന്ദ്രം ആരംഭിച്ചത്. തുടർന്ന് 2019 ൽ തലയോലപ്പറമ്പിലും ഇവർ തങ്ങളുടെ സ്ഥാപനത്തിന്റെ ശാഖ തുറന്നു. മൂന്നാമതായി കഴിഞ്ഞ ദിവസം തലയോലപ്പറമ്പിൽ ആരംഭിച്ച ഇല എന്ന വസ്ത്ര വ്യാപാര കേന്ദ്രമാണ് ഇവരുടെ മറ്റു വ്യാപാര കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരികൾ ചേർന്ന് ഉത്‌ഘാടനം ചെയ്തത്. പ്രവീണ,ലക്ഷ്മി, ആര്യ, ഐശ്വര്യ,അശ്വതി,അഞ്ജിത,രഞ്ജു, ആര്യ,സാന്ദ്ര എന്നിവർ ചേർന്നാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്. സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി ഉടമകൾക്കൊപ്പം നിന്നു പ്രവർത്തിച്ചതിന്റെ അംഗീകാരമായാണ് ജീവനക്കാരികൾ തങ്ങൾക്ക് ലഭിച്ച ഈ അവസരത്തെ കാണുന്നത്.