വികാരനിർഭരം ഈ വിടപറച്ചിൽ! ചങ്ങനാശ്ശേരി-വേളാങ്കണ്ണി റൂട്ട് കെ-സ്വിഫ്റ്റ് ഏറ്റെടുത്തതോടെ ചങ്ക് ബസ്സിനെ യാത്രയാക്കുന്ന സാരഥി, യാത്രക്കാരുടെ പ്രിയ ബസ്സ് ഇ


കോട്ടയം: അന്തർ സംസ്ഥാന ബസ്സ് സർവ്വീസ് ഉൾപ്പടെ ദീർഘദൂര കെ എസ് ആർ ടി സി സർവ്വീസുകൾ കെ-സ്വിഫ്റ്റിലേക്ക് മാറിയതോടെ ചങ്ങനാശ്ശേരി-വേളാങ്കണ്ണി റൂട്ട് ഓടിയിരുന്ന യാത്രക്കാരുടെ പ്രിയ ബസ്സ് ഇനി ഓർമ്മയിലേക്ക്.

യാത്രക്കാർക്കൊപ്പം ബസ്സിനെ ചങ്കായി സ്നേഹിച്ച സാരഥിയുടെ വിടപറച്ചിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കെ എസ് ആർ ടി സി യുടെ കീഴിൽ ദീർഘദൂര സർവ്വീസുകൾ ലാഭകരമായി നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണ് സ്മാർട്ട് വൈസ് ഇന്റഗ്രിറ്റഡ് ഫാസ്റ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന കെ-സ്വിഫ്റ്റ്. 20 വർഷത്തിലധികമായി നടത്തി വന്നിരുന്ന സർവീസാണ് ഇപ്പോൾ കെ-സ്വിഫ്റ്റിലേക്ക് മാറിയിരിക്കുന്നത്.

സ്ഥിരം യാത്രക്കാരടക്കം ഈ കൊമ്പന് നിരവധി ആരാധകരും ഉണ്ടായിരുന്നു. മികച്ച പെരുമാറ്റത്തിലൂടെയും സർവ്വീസ് കൃത്യതയിലൂടെയും ജീവനക്കാരും യാത്രക്കാരുടെ പ്രിയരായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റൂട്ടിൽ ഈ ബസ്സിന്റെ അവസാന സർവ്വീസ്. ഇതിനിടെയാണ് വികാരനിര്ഭരനായി ബസ്സിന്റെ സാരഥി പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ പൊന്നുംകുട്ടൻ ബസ്സിൽ ചാരി നിന്ന് യാത്രയയപ്പ് നൽകിയത്. വർഷങ്ങളായി വളയം പിടിച്ചിരുന്ന ഡ്രൈവർ എന്നതിലുപരി ബസ്സിനെ ചങ്കായി സ്നേഹിച്ച സാരഥിയായിരുന്നു ഇദ്ദേഹം. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ചിരുന്ന സർവ്വീസ് കഴിഞ്ഞ ഡിസംബറിലാണ് വീണ്ടും ആരംഭിച്ചത്.