കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഇത്തവണ വിഷു പൊടി പൊടിക്കും. വിഷുവിനു ദിവസങ്ങൾ മാത്രം ശേഷിക്കവേ ജില്ലയിൽ പടക്ക വിപണി സജീവമായി കഴിഞ്ഞു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പടക്ക വ്യാപാര കേന്ദ്രങ്ങൾ ആരംഭിച്ചു തുടങ്ങി. കഴിഞ്ഞ 2 വർഷണങ്ങളായി കോവിഡ് മഹാമാരിയുടെ ഭീതിയിൽ ആഘോഷ പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വർഷം വിഷു ആഘോഷങ്ങൾ ഗംഭീരമാക്കാനാണ് എല്ലാവരുടെയും തീരുമാനം. വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ഇത്തവണ വിഷു ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉണർവിലാണ് പടക്ക വിപണികൾ. വ്യാഴാഴ്ചയോടെ കണിക്കൊന്ന പൂക്കളും വിഭവങ്ങളുമായി വിപണി കൂടുതൽ തിരക്കിലമരും. വസ്ത്ര വ്യാപാര കേന്ദ്രനങ്ങളിലും ഇതിനോടകം തന്നെ വിഷു തിരക്ക് ആരംഭിച്ചു. ജില്ലയിലെ വസ്ത്ര വ്യാപാര കേന്ദ്രങ്ങളിൽ വിഷുക്കോടിയെടുക്കാൻ എത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ചൈനീസ് പടക്കങ്ങളാണ് ഇത്തവണയും വിപണി കീഴടക്കിയിരിക്കുന്നത്. വർണ്ണ വിസ്മയം തീർക്കുന്ന നിരവധി വ്യത്യസ്ത പടക്കങ്ങളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 2 വർഷത്തിന് ശേഷം സജീവമാകുന്ന വിപണിയിൽ പ്രതീക്ഷയോടെയാണ് വ്യാപാരികൾ. 10 രൂപ മുതൽ 10000 വരെയുള്ള പടക്കങ്ങളും 25-ഇനം പടക്കങ്ങളടങ്ങിയ ഫാമിലി പാക്കറ്റും 10 മുതൽ 240 വരെ കളർ ഷോട്ടുകളുമായുള്ള പടക്കങ്ങളും വിപണിയിലുണ്ട്. മഴ ശക്തമാകുന്നത് പടക്ക വിപണിയെ പിന്നോട്ട് വലിക്കുന്നുണ്ട്.