തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപന തോത് കുറയുകയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിദിന രോഗബാധിതരുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. നിലവിൽ 500 ൽ താഴെ പേര് മാത്രമാണ് പ്രതിദിനം പുതുതായി രോഗബാധിതരാകുന്നത്. നിലവിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനം മാത്രമാണ്. അതോടൊപ്പം സംസ്ഥാനത്ത് പുതുതായി കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നുമില്ല. ഇക്കാരണത്താലാണ് സർക്കാർ പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല എന്ന തീരുമാനത്തിലെത്തിയത്. അതേസമയം പുതുതായി രോഗബാധിതരാകുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ കോവിഡ് ഭീതിയില്ല, എന്നാൽ അടുത്ത തരംഗത്തിന് സാധ്യതയുണ്ടെന്നും സ്വയം ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.