കോട്ടയം: കേരളത്തിളടക്കം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും അതിലേറെ ആവേശത്തോടെയും കാത്തിരിക്കുന്ന കെ ജി എഫ് ചാപ്റ്റർ 2 ൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് പാലാക്കാരി അന്ന ബേബി.
പ്രിത്വിരാജ് പ്രൊഡക്ഷൻസ് മലയാളത്തിൽ എത്തിക്കുന്ന കെ ജി എഫ് ചാപ്റ്റർ 2 ൽ 'ഗഗനം നീയേ' എന്ന ഗാനത്തിന് സ്വരമാധുര്യം പകർന്നിരിക്കുന്നത് പാലാ പൂവരണി സ്വദേശിനിയായ അന്ന ബേബിയാണ്. ഇതിനോടകം തന്നെ അന്ന പാടിയ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപ്പേരാണ് ഗാനം കേട്ട് കഴിഞ്ഞു അഭിനന്ദനമറിയിച്ചത് എന്ന് അന്ന പറഞ്ഞു. അന്നയുടെ സുഹൃത്തായ സംഗീത സംവിധായകൻ സാം സൈമൺ ജോർജ് വഴിയാണ് ഈ അവസരം അന്നയ്ക്ക് കൈവന്നത്.
ശബ്ദ സാമ്പിളുകളും പാടിയ ഗാനവും അയച്ചു നൽകിയെങ്കിലും ഇങ്ങനെ ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അവസരം തന്നെ തേടിയെത്തുമെന്ന് അന്ന ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് മംഗലാപുരത്ത് വെച്ച് കെ ജി എഫ് ന്റെ സംഗീത സംവിധായകൻ രവി ബ്രസൂർ, ഗാന രചയിതാവ് സുധാംശു എന്നിവരുടെ സാന്നിധ്യത്തിൽ ഗാനം റെക്കോർഡ് ചെയ്യുകയായിരുന്നു. ചെറുപ്പകാലം മുതൽ സംഗീത പഠനം ആരംഭിക്കുകയും സംഗീതത്തെ ജീവനായി കൊണ്ട് നടക്കുകയും ചെയ്ത അന്ന എൻജിനീയറിങ് ബിരുദധാരിയാണ്. കർണാട്ടിക്ക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും അന്ന പഠിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ് തനിക്ക് ഇപ്പോൾ കൈവന്നിരിക്കുന്നു ഈ അവസരത്തിന് പിന്നിലെന്ന് അന്ന സ്നേഹത്തോടെ ഓർക്കുന്നു. ഭർത്താവ് അരുൺ അഗസ്റ്റിനും ആറ് മാസം പ്രായമുള്ള ആഡ്‌ലീനും അടങ്ങുന്നതാണ് അന്നയുടെ കുടുംബം. ഗഗനം നീയേ എന്ന ഗാനം ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലാണുള്ളത്.