കോട്ടയം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിന്റെ സ്‌പെഷ്യൽ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥയായ കോട്ടയം പാലാ സ്വദേശിനിയായ അനു ജോർജ് നിയമിതയായി. പാലാ വടക്കൻ തോമസ് ജോസഫിന്റെ ഭാര്യയും പാലാ പൈക മുണ്ടമറ്റം ജോർജ് തോമസിന്റെയും വത്സയുടെയും മകളുമാണ് അനു ജോർജ്. തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയ അനു ജോർജ് ഡൽഹി ജെഎൻയു വിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും കരസ്ഥമാക്കി. ജെഎൻയു വിലെ പഠന കാലയളവിലാണ് ഐഎഎസ് സ്വപ്നം കണ്ടുതുടങ്ങിയതെന്നു അനു പറഞ്ഞു. ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സർവ്വകലാശാലയിൽ നിന്നും ഉന്നത ബിരുദവും അനു ജോർജ് കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ്‌നാട് കേഡറിലെ 2003 ബാച്ച് ഉദ്യോഗസ്ഥയാണ് അനു. അഖിലേന്ത്യാ തലത്തിൽ റാങ്ക് 25 ലഭിച്ചാണ് അനു ഐഎഎസ് കരസ്ഥമാക്കിയത്. തിരുപ്പത്തൂർ, കടലൂർ ജില്ലകളിൽ അസിസ്റ്റന്റ് കളക്ടർ, വ്യവസായ കമ്മീഷണർ,വ്യവസായ വാണീജ്യ ഡയറക്ടർ തുടങ്ങിയ തസ്തികകൾ വഹിച്ചിട്ടുണ്ട്. അരിയാലൂർ കലക്ടറായിരിക്കെ അംഗനവാടി നിയമനത്തിൽ കൈക്കൂലി വാങ്ങിയ രാഷ്ട്രീയക്കാർക്കെതിരെ നടപടിയെടുത്തത് വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. നിലവിൽ ചെന്നൈയിൽ അഡീഷണൽ സെക്രട്ടറി- പ്രട്ടോക്കോൾ വിഭാഗത്തിലാണ് അനു ജോർജ് സേവനമനുഷ്ടിച്ചിരുന്നത്. കോട്ടയം സ്വദേശിനിയായ അനു ജോർജ് ഉൾപ്പടെ 4 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഓഫീസ് ചുമതലയിൽ നിയമിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയായി കോട്ടയം പാലാ സ്വദേശിനിയായ അനു ജോർജ് നിയമിതയായി.
തമിഴ്നാട് മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറിയായി കോട്ടയം പാലാ സ്വദേശിനിയായ അനു ജോർജ് നിയമിതയായി.
