കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കോട്ടയം,കോടിമത മാർക്കറ്റുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ച്ചയിൽ 3 ദിവസം പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. കോട്ടയം,കോടിമത മാർക്കറ്റുകൾ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുക. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ മാർക്കറ്റുകൾ പ്രവർത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരും. ആൾക്കൂട്ടവും തിരക്കും ഒഴിവാക്കുന്നതിനായാണ് നടപടി. പ്രവർത്തന ദിവസങ്ങളിൽ മാർക്കറ്റിനുള്ളിൽ കർശന പോലീസ് പരിശോധനയുണ്ടാകും. മാർക്കറ്റിലേക്ക് ചരക്കുമായി എത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണം. ഇതിനായി കോടിമതയിൽ ഹെല്പ് ഡെസ്‌ക്കും സ്ഥാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതി,വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകളുടെ ഭാരവാഹികളുമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ പ്രായോഗികമല്ല എന്ന് മർച്ചന്റ് അസോസിയേഷൻ പറഞ്ഞു. വ്യാപാരികൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്ന തീരുമാനമാണ് ഇതെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി ഡി ജോസഫ് പറഞ്ഞു. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഒരു ദിവസം കൊണ്ട് വിൽപ്പന അവസാനിപ്പിക്കാവുന്നതല്ല. ഒന്നിടവിട്ട ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നത് വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്തു നിന്നും ലോഡുമായി എത്തുന്ന ലോറികൾ ഒരേ ദിവസമല്ല മാർക്കറ്റിൽ എത്തുന്നത്. ഇത്തരത്തിൽ മൂന്നു ദിവസം അടച്ചിട്ടാൽ അവശ്യ സാധനങ്ങളുടെ ലഭ്യതയിൽ ക്ഷാമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം: കോട്ടയം,കോടിമത മാർക്കറ്റുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കും,നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്ന് മർച്ചന്റ് അസോസിയേഷൻ.
