വിദേശ മണ്ണിൽ കോട്ടയത്തിന് അഭിമാനം! യുഎഇ പതാകദിനത്തിൽ പ്രസിഡന്റിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തവരിൽ കോട്ടയം സ്വദേശിനിയും.


കോട്ടയം: വിദേശ മണ്ണിൽ കോട്ടയത്തിന് അഭിമാനം ഉയർത്തി യുഎഇ പതാകദിനത്തിൽ പ്രസിഡന്റിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്തവരിൽ കോട്ടയം സ്വദേശിനിയും.

താഖയിലെ ജലവിതരണ വിഭാഗത്തിൽ സ്​ട്രാറ്റജി ആൻഡ് പെർഫോമൻസ് എൻജിനീയറായി ജോലി ചെയ്യുന്ന കോട്ടയം ചിങ്ങവനം സ്വദേശി അർച്ചന തോമസ് ഷീലയാണ് യുഎഇ പതാകദിനത്തിൽ പ്രസിഡന്റിന്റെ വിശിഷ്ടാതിഥിയായി പങ്കെടുത്ത കോട്ടയം സ്വദേശിനി.

പതിനഞ്ചു വർഷത്തിലധികമായി കുടുംബത്തോടൊപ്പം അബുദാബിയിലാണ് അർച്ചന താമസിക്കുന്നത്. അബൂദബി ഖസറുൽ ഹുസനിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിലാണ്​ അർച്ചന വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തത്. പതാക ഉയർത്തുമ്പോൾ 55 പേരാണ് വിശ്ടാതിഥിയായി പങ്കെടുത്തത്. അർച്ചനയുൾപ്പടെ രണ്ടു മലയാളികളാണ് ചടങ്ങിൽ പങ്കെടുത്തത്. രാജ്യം 55 വയസ് പിന്നിടുന്നതിന്റെ ഭാഗമായാണ് വിവിധ രംഗങ്ങളിൽ മികച്ച സംഭാവന നൽകിയ 55 പേരെ പതാകാരോഹണ ചടങ്ങിൽ അതിഥിയായി പങ്കെടുപ്പിച്ചത്. കടുത്ത സന്നിഗ്ധ ഘട്ടങ്ങളിൽ രാജ്യത്തിന് വേണ്ടി നൽകിയ നിസ്വാർത്ഥ സേവനങ്ങളെ മുൻനിർത്തിയാണ് അധികൃതർ അർച്ചനയെ ചടങ്ങിലേക്ക് തെരഞ്ഞെടുത്തത്. തൃശൂർ കുന്നംകുളം അഞ്ഞൂർ സ്വദേശിനിയും അബുദാബി പോർട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനൽ ഉദ്യോഗസ്ഥയുമായ ഷംജ മുജീബാണ് അർച്ചനയോടൊപ്പം ഈ അഭിമാന ചടങ്ങിൽ പങ്കെടുത്ത മറ്റൊരു മലയാളി. മാതാപിതാക്കളായ തോമസ് എബ്രഹാം, ഷീലാമ്മ തോമസ്, സഹോദരങ്ങളായ ആതിര, അതുൽ എന്നിവർക്കൊപ്പമാണ് അർച്ചനയുടെ താമസം.