കൊച്ചി: അലർജി രോഗനിർണയം, ചികിത്സ, ഇമ്മ്യൂണോതെറാപ്പിയുടെ പ്രായോഗിക വശങ്ങൾ എന്നിവ സമഗ്രമായി ചർച്ച ചെയ്ത് വി.പി.എസ് ലേക്ഷോർ (VPS Lakeshore) ആശുപത്രിയിൽ അലർജി ആൻഡ് ക്ലിനിക്കൽ എക്സലൻസ് പ്രോഗ്രാം (എയ്സ്- ACE) സംഘടിപ്പിച്ചു. പ്രായോഗിക പരിശീലനം ഉൾപ്പെടുത്തി പൾമണോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലിനിക്കൽ വര്‍ക്ഷോപ്പിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ഡൽഹി വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. ഡോ. രാജ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്ത് 30 മുതൽ 40 ശതമാനം വരെ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള അലർജിയുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് മൂക്കിലെയോ ശ്വാസകോശ സംബന്ധമായതോ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടതോ ചർമ്മത്തിലുള്ളതോ ആയ അലർജിയാകാം. ഓരോന്നിന്റെയും ചികിത്സക്ക് ഏത് സ്പെഷ്യാലിറ്റിയെ സമീപിക്കണമെന്നതിനെക്കുറിച്ച് ആളുകളിൽ ആശയക്കുഴപ്പമുണ്ടാകാറുമുണ്ട്. അതിനാൽ അലർജി, ഇമ്മ്യൂണോതെറാപ്പി എന്നിവയെക്കുറിച്ചുള്ള അറിവ് രാജ്യത്തുടനീളം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വായു മലിനീകരണം വ്യാപകമായ ഇന്നത്തെ സാഹചര്യത്തിൽ കാലിക പ്രസക്തമായ ഇത്തരമൊരു ക്ലിനിക്കൽ വര്‍ക്ഷോപ്പ് സംഘടിപ്പിച്ച വി.പി.എസ് ലേക്ഷോറിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചായിരുന്നു ക്ലിനിക്കൽ വര്‍ക്ഷോപ്പ് സംഘിടപ്പിച്ചത്. അലർജി രോഗങ്ങളുടെ ഗതിമാറ്റാൻ കഴിയുന്ന ചികിത്സ രീതിയാണ് ഇമ്യൂണോതെറാപ്പിയെന്ന് വി.പി.എസ് ലേക്ഷോർ (VPS Lakeshore) പൾമണോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മുജീബ് റഹ്മാൻ പറഞ്ഞു. രോഗികൾക്ക് ഏറ്റവും കൃത്യവും സമഗ്രവുമായ ചികിത്സയാണ് വേണ്ടത്. അലർജിയെക്കുറിച്ചും പരിശോധനകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൃത്യമായ അവബോധമുണ്ടാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്തെ വലിയൊരു പ്രശ്നമാണ് അലർജിയെന്ന് ഡൽഹി വല്ലഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രഫസർ ഡോ. സോനം സ്പൽഗൈസ് അഭിപ്രായപ്പെട്ടു. അലർജി, ഇമ്യൂണോതെറാപ്പി എന്നിവയെക്കുറിച്ചുള്ള അറിവ് എങ്ങനെ വ്യാപിപ്പിക്കാം എന്ന ആശയത്തിന് ഇത്തരം പരിപാടികൾ ഊർജം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധിയാളുകൾ അലർജി പ്രശ്നങ്ങൾ മൂലം നമുക്ക് ചുറ്റും ബുദ്ധിമുട്ടുന്നുണ്ടെന്ന് വി.പി.എസ് ലേക്ഷോർ മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് പറഞ്ഞു. അലർജിയുണ്ടാക്കുന്ന ഘടകം ഏതാണെന്ന് കണ്ടെത്താൻ സാധിക്കാത്തതിനാൽ പലപ്പോഴും അവർക്ക് രോഗം പൂർണമായി മാറ്റാൻ കഴിയാത്ത സ്ഥിതി വരുന്നു. അതിനാൽ കൃ-ത്യമായ രോഗനിർണയവും ചികിത്സയും പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അലർജിയുടെ അടിസ്ഥാനവിവരങ്ങൾ, വായുവിലൂടെയുള്ള അലർജി ഘടകങ്ങൾ, രോഗചരിത്രം ശേഖരിക്കൽ, അലർജി നിർണയം (ഇൻ വിവോ/ ഇൻ വിട്രോ പരിശോധനകൾ), ഇമ്മ്യൂണോതെറാപ്പി ഉൾപ്പെടെയുള്ള അലർജി ചികിത്സാ രീതികൾ, ക്ലിനിക്കൽ കേസുകളെ അടിസ്ഥാനമാക്കിയുള്ള ചർച്ച തുടങ്ങിയവക്ക് ഡോ. മുജീബ് റഹ്മാൻ, ഡോ. രാജ്കുമാർ, ഡോ. സോനം സ്പാൽഗൈസ് എന്നിവർ നേതൃത്വം നൽകി. ഇൻ വിവോ പരിശോധനകളിലും ഇമ്മ്യൂണോതെറാപ്പിയിലും പ്രായോഗിക പരിശീലനവും നടന്നു.
അലർജി രോഗനിർണയവും ഇമ്യൂണോതെറാപ്പിയും: സമഗ്ര ചർച്ചകളുമായി വി.പി.എസ് ലേക്ഷോർ എയ്സ് ക്ലിനിക്കൽ വര്‍ക്ഷോപ്പ്.
