ഇന്റർ ഡിസിപ്ലിനറി സയൻസ് റാങ്കിങ്ങിൽ കേരളത്തിൽ ഒന്നാമതായി മഹാത്മാഗാന്ധി സർവകലാശാല.


കോട്ടയം: ടൈംസ് ഹയർ എജ്യുക്കേഷൻ പുറത്തിറക്കിയ ഇന്റർഡിസിപ്ലിനറി സയൻസ് റാങ്കിങ്‌സ് 2027-ൽ മഹാത്മാഗാന്ധി സർവകലാശാല കേരളത്തിൽ ഒന്നാമതെത്തി. ആഗോളതലത്തിൽ 301–350 റാങ്ക് ബാൻഡിലാണ് സർവകലാശാല ഇടംനേടിയത്.

102 രാജ്യങ്ങളിൽ നിന്നായി 1,058 സർവകലാശാലകളാണ് ഇത്തവണ പട്ടികയിൽ ഉൾപ്പെട്ടത്. വിവിധ ശാസ്ത്രശാഖകളെ സംയോജിപ്പിച്ചുള്ള ഗവേഷണത്തിലെ സർവകലാശാലകളുടെ സംഭാവനകളും പ്രതിബദ്ധതയും വിലയിരുത്തുന്നതാണ് റാങ്കിങ്. ഷ്മിറ്റ് സയൻസ് ഫെലോസുമായി സഹകരിച്ച് തയ്യാറാക്കുന്ന പട്ടികയിൽ ഗവേഷണ പദ്ധതികളുടെ വിഭവലഭ്യത കണക്കാക്കുന്ന ഇൻപുട്‌സ്, ഗവേഷണ പ്രക്രിയയ്ക്കുള്ള  സംവിധാനങ്ങൾ അഥവാ പ്രോസസ്, ഗവേഷണഫലങ്ങളുടെ ഗുണനിലവാരവും സ്വാധീനവും കണക്കാക്കുന്ന ഔട്ട്പുട്‌സ് എന്നിവയാണ് പ്രധാനമായും വിലയിരുത്തുന്നത്. ഗവേഷണ അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളും വിലയിരുത്തുന്ന ഇൻപുട്‌സ് വിഭാഗത്തിലെ സർവകലാശാലയുടെ മികവ് നേട്ടത്തിന് കരുത്തായി. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ആഗോളതലത്തിൽ ഒന്നാമത്. സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി രണ്ടാമതും സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റി മൂന്നാമതുമെത്തി. അന്തർദേശീയ ഗവേഷണരംഗത്ത് പ്രമുഖ സർവകലാശാലകൾക്കൊപ്പം ഇടംനേടാനായത് മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഗവേഷണ മികവിനുള്ള അംഗീകാരമായി കണക്കാക്കുന്നു.