ഡൽഹിയും ബെംഗളൂരുവും ഉൾപ്പടെ രാജ്യത്തെ മെട്രോ നഗരങ്ങളെ പിന്നിലാക്കി കോട്ടയം! ജീവിതനിലവാരത്തിൽ ഇന്ത്യയിലെ വമ്പൻ മെട്രോ നഗരങ്ങളെ കടത്തിവെട്ടി നമ്മുടെ കോട


കോട്ടയം: അക്ഷരങ്ങളുടെയും കായലുകളുടെയും റബ്ബറിന്റെയും നാടായ നമ്മുടെ കോട്ടയത്തിന് അഭിമാനമായി മറ്റൊരു നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ആയിരത്തോളം മികച്ച നഗരങ്ങളെ ഉൾപ്പെടുത്തി ഓക്സ്ഫോർഡ് എക്കണോമിക്സ് തയാറാക്കിയ 2026-ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം നേടിയിരിക്കുകയാണ് നമ്മുടെ കോട്ടയം.

ജീവിതനിലവാരത്തിൽ ആഗോളതലത്തിൽ 475-ാം റാങ്ക് നേടിയാണ് കോട്ടയം അഭിമാനത്തിന്റെ വലിയ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്. കോട്ടയത്തിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടിയാണ് ഈ നേട്ടം. ലോകത്തിലെ മികച്ച 1000 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും കോട്ടയം ഉൾപ്പെടെ ഏഴ് പ്രധാന നഗരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്ഥാനതലത്തിൽ ജീവിതനിലവാരത്തിൽ കോട്ടയത്തിനാണ് ഒന്നാം സ്ഥാനം.

ഇന്ത്യയിലെ വമ്പൻ മെട്രോ നഗരങ്ങളെ കടത്തിവെട്ടി നമ്മുടെ കോട്ടയം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വമ്പൻ മെട്രോ നഗരങ്ങളായ ബെംഗളൂരു, ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളെ പിന്നിലാക്കിയാണ് കോട്ടയം മുൻപന്തിയിൽ എത്തിയത്. ബെംഗളൂരു -775, ന്യൂഡൽഹി -781, മുംബൈ -817, ഹൈദരാബാദ് -818 എന്നിങ്ങനെയാണ് റാങ്കുകൾ.

സംസ്ഥാനതലത്തിൽ കൊച്ചിയെയും തൃശൂരിനെയും പിന്നിലാക്കിയായാണ് കോട്ടയം ഒന്നാമത് എത്തിയത്. സാമ്പത്തികം, മനുഷ്യവിഭവശേഷി, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിർവഹണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റാങ്കുകൾ തയ്യാറാക്കിയത്. ശരാശരി വരുമാനം, സാമ്പത്തിക സമത്വം, കുറഞ്ഞ ഭവനച്ചെലവ്, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, വിനോദ-വിശ്രമ സൗകര്യങ്ങൾ എന്നീ ഘടകങ്ങളും പരിശോധിച്ചിരുന്നു. സംസ്ഥാന തലത്തിലുള്ള ഓവറോൾ റാങ്കിങ്ങിൽ ഒന്നാമതും സാമ്പത്തികമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നഗരവും തൃശൂർ ആണ്.