കിടങ്ങൂർ: സൗദി അറേബ്യയിലെ വാഹനാപകടത്തിൽ മരിച്ച കോട്ടയം കിടങ്ങൂർ സ്വദേശിനി ജെയ്‌സിമോൾ മാത്യുവിനെ(36) മരണം കവർന്നെടുത്തത് ഡിസംബറിൽ നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്നതിനിടെ.
സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ അപകടത്തിലാണ് അയർക്കുന്നം കിടങ്ങൂർ സ്വദേശി മറ്റത്തിൽ ഫ്രെഡി ജോസിന്റെ ഭാര്യ ജെയ്‌സി മോള്‍ മാത്യു. സ്വപ്‌നങ്ങൾ ബാക്കിയാക്കി ഭർത്താവിനെയും 3 മക്കളെയും തനിച്ചാക്കിയാണ് ജെയ്‌സിമോൾ യാത്രയാകുന്നത്. മരണ വാർത്തയറിഞ്ഞതുമുതൽ ഭർത്താവ് ഫ്രഡിയും മക്കളായ ജസ്റ്റീന (17), ജൂഡിത്ത് (13), ജോഷ്വ (8)യും മാതാവ് ഏലിയാമ്മയും സങ്കടക്കയത്തിലാണ്.
മരണ വർത്തയറിഞ്ഞു വീട്ടിലേക്കെത്തുന്നവർ ഇവരെ ആശ്വസിപ്പിക്കാനാകാതെ വിങ്ങിപ്പൊട്ടുകയാണ്. ഷോപ്പിംഗിനു പോകുകയാണെന്നും തിരികെ എത്തിയിട്ട് വിളിക്കാമെന്നുമായിരുന്നു കുടുംബവുമായുള്ള ജെയ്സിയുടെ അവസാന സംഭാഷണം. പിന്നീട് സുഹൃത്തുക്കളിലാരോ ഒരാളാണ് വീട്ടിലേക്ക് വിളിച്ചു ജെയ്സിയുടെ മരണ വിവരം അറിയിക്കുന്നത്. 18 വർഷമായി സൗദിയിൽ നഴ്സായ ജെയ്‌സി എല്ലാ വർഷവും നാട്ടിൽ എത്തിയിരുന്നു.
4 മാസം മുൻപ് നാട്ടിൽ എത്തിയിട്ട് മടങ്ങി പോയതാണ്. ഡിസംബറിൽ നാട്ടിലേക്ക് വരാനിരിക്കെയാണ് വിധി വാഹനാപകടത്തിന്റെ രൂപത്തിൽ ജെയ്‌സിയെ കവർന്നെടുത്തത്. വാഹനാപകടത്തിൽ കോട്ടയം സ്വദേശിനിയായ മറ്റൊരു നേഴ്‌സുകൂടി മരണപ്പെട്ടിരുന്നു. വേദഗിരി കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27) ആണ് മരിച്ചത്. വാഹനാപകടത്തിൽ 5 പേരാണ് മരണപ്പെട്ടത്.
തഞ്ചാവൂര്‍ പട്ടുകോട്ടയ് സ്വദേശി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റു 2 നേഴ്‌സുമാർ. ഇരുവരും തമിഴ്‌നാട് സ്വദേശിനികളാണ്. വാഹനമോടിച്ചിരുന്ന സൗദി പൗരനായ ഖാലിദ് ആണ് മരണപ്പെട്ട മറ്റൊരാൾ. മൃതദേഹങ്ങള്‍ റാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെ വെച്ച് അവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണു വിവരം
അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ തായിഫ് ഗവർണറേറ്റിലെ അൽ ഗഫ, അൽ അവെയ്‌ല ക്ലിനിക്കുകളിലെ നഴ്സുമാരായിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും കെ.എം.സി.സി ഭാരവാഹികളുടെയും നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.