റോബോട്ടിക് സർജറിയിൽ പുതിയ ചരിത്രമെഴുതി കാരിത്താസ്: 100 ദിവസത്തിനുള്ളിൽ 111 സർജറികൾ വിജയകരമായി പൂർത്തിയാക്കി.


കോട്ടയം: അത്യാധുനിക സാങ്കേതികവിദ്യയായ ഡാ വിഞ്ചി സർജിക്കൽ സിസ്റ്റം ഉപയോഗിച്ച് കേവലം നൂറു ദിവസത്തിനുള്ളിൽ 111 റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തിയാക്കി കാരിത്താസ് ഹോസ്പിറ്റൽ ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്.

മധ്യതിരുവിതാംകൂറിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ആശുപത്രിയെന്ന പെരുമയും ഇതോടെ കാരിത്താസ് സ്വന്തമാക്കി. ഈ ശ്രദ്ധേയമായ മുന്നേറ്റത്തിന്റെ ആഘോഷവും ബോധവൽക്കരണ പരിപാടിയും കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ നടന്നു. കാരിത്താസ് ആശുപത്രി ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഫാ.ഡോ.ബിനു കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗൈനക്കോളജി ആൻഡ് റോബോട്ടിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. പ്രശാന്ത് ജി.എൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. റോബോട്ടിക് സർജറി രംഗത്ത് ആശുപത്രി കൈവരിച്ച ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ചും നാഴികക്കല്ലുകളെക്കുറിച്ചും ജനറൽ സർജറി സീനിയർ കൺസൾട്ടന്റും റോബോട്ടിക് സർജറി പ്രോഗ്രാം ലീഡറുമായ ഡോ. ബിന്റോ മാത്യു സംസാരിച്ചു.

മെഡിക്കൽ ഡയറക്ടർ ഡോ.ബോബി എൻ.എബ്രഹാം, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി ചീഫും റോബോട്ടിക് സർജനുമായ ഡോ.രാജേഷ് എം.രാമൻകുട്ടി, സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ.ജോജോ വി.ജോസഫ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കൂടാതെ, റോബോട്ടിക് സർജറിയുടെ കൃത്യതയെയും രോഗികൾക്കുള്ള പ്രയോജനങ്ങളെയും കുറിച്ചുള്ള അവബോധ വീഡിയോ പ്രദർശനവും ഇതോടൊപ്പം ഒരുക്കിയിരുന്നു. കാരിത്താസിൽ റോബോട്ടിക് സർജറിക്ക് വിധേയരായ  രോഗികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. റോബോട്ടിക് മാനേജർ മിഥുൻ ബാബു ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ആശുപത്രിയിലെ വിവിധ വകുപ്പ് മേധാവികളും ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു.