കോട്ടയം: കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലേക്കും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം, മീനടം പഞ്ചായത്തിലെ ചീരംകുളം വാർഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത്. യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന സിറ്റിങ് സീറ്റാണ് 66 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിടിച്ചെടുത്തത്. കുമ്പന്താനം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം ബാബു മാത്യു ഡാണാവുങ്കലിന്റെ ഭാര്യ ഡെയ്സി ബാബു ഡാണാവുങ്കൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.
ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ടിന്റു മനോജ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി. മീനടം പഞ്ചായത്തിലെ ചീരംകുളം യുഡിഎഫ് നിലനിർത്തി. മീനടം ഗ്രാമപഞ്ചായത്തിലെ ചീരംകുളം വാർഡിൽ യുഡിഎഫ് സ്ഥാനാര്‍ഥി പ്രീത പ്രസാദ് 162 വോട്ടുകള്‍ക്ക് ആണ് വിജയിച്ചത്.
ചീരംകുളം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം പ്രസാദ് നാരായണന്റെ ഭാര്യ പ്രീത പ്രസാദ് ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ചന്ദ്രു നാരായണൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. യുവമോർച്ച അംഗം ഗൗരി ശങ്കർ ആണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്.