പാമ്പാടി: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം പാമ്പാടി കുമ്പന്താനത്ത് എൽഡിഎഫിന് അട്ടിമറി വിജയം. പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സണ്ണി വർഗീസ് പൂതകുഴിയിൽ ആണ് വിജയിച്ചത്.
യുഡിഎഫിന്റെ കൈവശമുണ്ടായിരുന്ന സിറ്റിങ് സീറ്റാണ് 66 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിടിച്ചെടുത്തത്. കുമ്പന്താനം വാർഡിൽ അന്തരിച്ച പഞ്ചായത്തംഗം ബാബു മാത്യു ഡാണാവുങ്കലിന്റെ ഭാര്യ ഡെയ്സി ബാബു ഡാണാവുങ്കൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ടിന്റു മനോജ് ആയിരുന്നു എൻഡിഎ സ്ഥാനാർഥി.
ആകെ പോൾ ചെയ്ത വോട്ടുകൾ 1030 ആണ്. എൽഡിഎഫിന് 519 വോട്ടുകളും യുഡിഎഫിന് 453 വോട്ടുകളും ബിജെപിക്ക് 58 വോട്ടുകൾക്കാണ് ലഭിച്ചത്. ഇത്തവണ 66 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് അട്ടിമറി വിജയത്തിലൂടെ കുമ്പന്താനം വാർഡ് യുഡിഎഫിൽ നിന്നും പിടിച്ചെടുത്തത്.
കഴിഞ്ഞ തവണ 90 വോട്ടുകൾക്ക് ഭൂരിപക്ഷം നേടി യുഡിഎഫ് വിജയിച്ച സീറ്റാണ് ഇപ്പോൾ എൽഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്. മേഖലയിൽ എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു.