കോട്ടയം: സാമൂഹ്യ സുരക്ഷാ,ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിങ്ങ് പൂർത്തിയാക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി.
2025 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ/വിധവ /ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം. അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യുന്നതിനായി 30 രൂപയും ഹോം മസ്റ്ററിങ്ങിനായി 50 രൂപയും ഗുണഭോക്താക്കൾ നൽകണം.
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ തുടങ്ങിയവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തും. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരിശോധിച്ച് പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക.
ജില്ലയിൽ വിവിധ ഗ്രാമപഞ്ചായത്ത് വാർഡുകളിൽ ഹോം മസ്റ്ററിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിശദവിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരുമായോ വാർഡിലെ ആശാ വർക്കറുമായോ അക്ഷയ കേന്ദ്രങ്ങളുമായോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം.