കോട്ടയം: കലിതുള്ളി പെയ്തിറങ്ങിയ കാലവർഷം കോട്ടയത്തിനു നഷ്ടമാക്കിയത് 5 ജീവനുകളാണ്. അതിശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളക്കെട്ടിൽ വീണുമാണ് 5 വിലപ്പെട്ട ജീവനുകൾ നഷ്ടമായത്. പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 2 ജീവനുകൾ നഷ്ടമായി. നാടിനെ നടുക്കിയ ദുരന്തമായിരുന്നു അത്.

പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി (24) ഭാര്യ റെജീന ജോണി(49) എന്നിവർ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് ഇരുവരും മരണപ്പെട്ടത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹം കണ്ടെത്താനായത്.അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്. കോട്ടയം വാകത്താനം ചക്കൻചിറയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് ആണ് 11 വയസ്സുകാരൻ മരണപ്പെട്ടത്. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ ഞാലിയാകുഴി എം.ജി.എം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മിലൻ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി എടുത്ത വലിയ കുഴിയിൽ മഴ പെയ്ത് വെള്ളം നിറഞ്ഞ നിലയിലായിരുന്നു. സഹോദരിക്കൊപ്പം സമീപത്ത് കുളിച്ചുകൊണ്ടിരിക്കെ മിലൻ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടനടി കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണു യുവാവ് മരണപ്പെട്ടു. ആറുമാനൂർ സ്വദേശി ജിന്റോ മാത്യു (43) ആണ് മരിച്ചത്. മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. ഏറെ നേരമായിട്ടും ജിന്റേയെ കാണാതായതോടെ സഹോദരങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു യുവാവ് മരണപ്പെട്ടു. മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരണിൻ്റെ(30) മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശരൺ ഒഴുക്കിൽ പെടുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടൊപ്പം ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്. സഹോദരന്റെ മകൾ ലീലാമണിയുടെ വാഗമൺ കോലാഹലമേട്ടിലെ വീട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം. ശനിയാഴ്ച പുലർച്ചെയോടെയാണ് കനത്ത മഴയെത്തുടർന്ന് വീടിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ കുടുങ്ങിയ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് രക്ഷാപ്രവർത്തകർ കണ്ടെടുക്കുകയായിരുന്നു.
