കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ.
വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിക്കുന്നതിനാലാണ് മുൻകരുതലിന്റെയും സുരക്ഷാ നടപടികളുടെയും ഭാഗമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും മലയോര മേഘലകളിലേക്കുള്ള രാത്രികാല യാത്രയ്ക്കും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും ഓഗസ്റ്റ് 8 വരെ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 4 വരെ ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.