കോട്ടയം: ലഹരിക്കതിരേ സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട്' ആരംഭിച്ചിട്ട് ബുധനാഴ്ച 50 ദിവസം പിന്നിട്ടു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 75 കേസുകളിലായി 80 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 7703 ആയി ഉയര്‍ന്നു.

ആകെ 8276 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6082.220 ഗ്രാം എം.ഡി.എം.എ.യും, 661.760 കി.ഗ്രാം കഞ്ചാവും, 690.969 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 24 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 6 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 45 കേസുകളും കോട്പ പ്രകാരം 28 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 6.728 ഗ്രാം എം.ഡി.എം.എയും 24.063 കി.ഗ്രാം കഞ്ചാവും 3.00 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 96 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7676 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 420 ഉം ആണ്. സ്കൂള്‍,കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5769 ബോധവത്ക്കരണ പരിപാടികളും നടത്തി. സംസ്ഥാനത്തെ ലഹരി മാഫിയയുടെ വേരറുക്കാൻ കേരള സർക്കാരും കേരള പൊലീസും സംയുക്തമായി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന വൻകിട മയക്കുമരുന്ന് വിരുദ്ധ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ (ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്). മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് 2026 ജൂൺ 2-നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്‍ക്ക് നിയമത്തിന്‍റെ കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം, സാധാരണക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. അന്തർദ്ദേശീയ മയക്കുമരുന്നു മാഫിയ കേരളത്തെ വരിഞ്ഞു മുറുക്കുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും മന്ത്രി പറഞ്ഞു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
