ഭരണങ്ങാനം: ഭരണങ്ങാനത്ത് വാഹനങ്ങളെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട സ്വകാര്യ ബസ്സ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം. പാലാ-കാഞ്ഞിരപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന വജ്ര ബസ് ആണ് വാഹനങ്ങളെ മറികടക്കുന്നതിനിടെ പിക്കപ്പിലും രണ്ടു കാറുകളിലും ഇടിച്ചത്.

പാലാ ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം ഉണ്ടായത്. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി സംശയത്തെ തുടർന്ന് പോലീസ് ബസ്സ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടമുണ്ടാക്കിയ ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പെർമിറ്റില്ലാതെ സർവീസ് നടത്തി എന്നാരോപിച്ച് മുൻപ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്ത റോബിൻ ഗിരീഷിന് പങ്കാളിത്തമുള്ള ബസ്സാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ മദ്യപിച്ചതായി തെളിഞ്ഞാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നിയമ നടപടികളിലേക്ക് കടന്നേക്കും എന്നാണു ലഭ്യമായ വിവരം.
