കോട്ടയം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്കു കോട്ടയം വെള്ളൂരും.

വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) സ്ഥലമാണ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിർദേശം തയാറാക്കാനായി ആരോഗ്യമന്ത്രി കെ.മുരളീധരൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 200 ഏക്കർ സ്ഥലമാണ് എയിംസിനായി വേണ്ടെതെന്ന് വ്യക്തമാക്കുന്നത്. ആരെയും ഒഴിപ്പിക്കാതെ തന്നെ ഈ സ്ഥലം നിലവിൽ വെള്ളൂരിലുണ്ട് എന്നതും ഗതാഗത സൗകര്യമേറെയുള്ള പ്രദേശമാണ് എന്നതും പ്രത്യേകതയാണ്. 692 ഏക്കറാണ് വെള്ളൂരിൽ കെപിപിഎലിനുള്ളത്. ഇതിൽ കേരള റബർ ലിമിറ്റഡിനായി 164.82 ഏക്കർ സ്ഥലമാണ് കൈമാറിയത്. 300 ഏക്കറിലാണ് കെപിപിഎലിന്റെ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും ഉള്ളത്. 227.18 എക്കർ സ്ഥലം ഇപ്പോൾത്തന്നെ ഉപയോഗയോഗ്യമായി ലഭ്യമാണ്. കെ.ബിനിമോൻ എംഎൽഎ, മന്ത്രി അനൂപ് ജേക്കബ്, പെരുവ ജനകീയ പ്രതികരണ വേദി എന്നിവർ നൽകിയ ഭൂവിനിയോഗ നിർദേശം പരിഗണിക്കാനാണു മന്ത്രിയുടെ നിർദേശം. പരിഗണിക്കുന്ന 9 നിർദേശങ്ങളിൽ 3 എണ്ണവും വെള്ളൂരിനു വേണ്ടിയുള്ളതാണെന്ന പ്രത്യേകതയുമുണ്ട്. മറ്റ് ആറുപേരുടെ വിവിധ സ്ഥലങ്ങൾക്കു വേണ്ടിയുള്ള നിർദേശങ്ങൾക്ക് ഒപ്പമാണ് വെള്ളൂരിനു വേണ്ടിയുള്ള നിർദേശവും പരിഗണിക്കുന്നത്. കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ മുരളീധരൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിൽ ആവശ്യപ്പെട്ടു.
