കോട്ടയം: ഷിഗെല്ല വ്യാപന ആശങ്കയിലാണ് സംസ്ഥാനം. ഇതുവരെ സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. പകർച്ചാ സാധ്യത വളരെ കൂടുതലുള്ള ഷിഗെല്ല, ബാക്ടീരിയ പരത്തുന്ന വയറിളക്ക രോഗമാണ്.

രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കളാൽ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കൾ ഉള്ള പ്രതലങ്ങൾ, രോഗി പരിചരണം എന്നിവയിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നു. രോഗാണു ബാധയുണ്ടായി ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. പനി, വയറിളക്കം, ഛർദിൽ, മനംപിരട്ടൽ, രക്തം കലർന്ന മലം , വേദനയോടെ ഇടവിട്ട് ടോയ്‌ലറ്റിൽ പോകണമെന്ന തോന്നൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക. രോഗമുള്ളവരിൽ ശരീരത്തിലെ ലവണങ്ങൾ നഷ്ടപ്പെടുന്നതും ജലനഷ്ടവും പരിഹരിക്കുന്നതിന് ഓ ആർ എസ് പാനീയം ഇടയ്ക്കിടെ കുടിക്കുക. സർക്കാർ ആശുപത്രികളിൽ നിന്നും അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന ഓ ആർ എസ് പാക്കറ്റിലെ മിശ്രിതം ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ പൂർണമായി ലയി പ്പിച്ചശേഷം ഉപയോഗിക്കുക. തയ്യാറാക്കി 24 മണിക്കൂർ കഴിഞ്ഞ പാനീയം ഉപയോഗിക്കരുത്. മരുന്നുകൾ നിർദ്ദേശിക്കുന്ന ക്രമത്തിൽ ഡോസ് പൂർത്തിയാക്കി കഴിക്കുക. ആഹാര പാനിയ ശുചിത്വം വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പാലിച്ച് രോഗപ്രതിരോധം ഉറപ്പാക്കുക. പാചകം ചെയ്യുന്നതിന് മുമ്പ്, ആഹാരം വിളമ്പുന്നതിനുമുമ്പ് ,ആഹാരം കഴിക്കുന്നതിനു മുമ്പ് ശുചിമുറി ഉപയോഗിച്ച ശേഷം തുടങ്ങിയ അവസരങ്ങളിലും കൈകൾ മലിനമാകാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളിലും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് സമയം വിരലുകൾക്കിടയിലും നഖങ്ങൾ തമ്മിൽ ഉരച്ചും വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.
രോഗികൾ ശ്രദ്ധിക്കുക:
രോഗികൾ വ്യക്തി ശുചിത്വം പാലിച്ചാൽ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ കഴിയും. ടോയ്ലറ്റിൽ പോയ ശേഷം എല്ലായ്പ്പോഴും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. കൈകഴുകുമ്പോൾ വിരലുകൾക്കിടയിലും നഖങ്ങൾ ഉരച്ചും കഴുകാൻ ശ്രദ്ധ വേണം. ഉപയോഗശേഷം ടോയ്ലറ്റ് അണുനാശിനി ഉപയോഗിച്ച് കഴുകുക. വീടിനുള്ളിൽ ഛർദ്ദിൽ നിലത്ത് വീണാൽ അണുനാശിനി ഉപയോഗിച്ച് തേച്ചു കഴുകി വൃത്തിയാക്കുക. ധരിക്കുന്ന വസ്ത്രങ്ങളുടെ പ്രത്യേകിച്ച് അടിവസ്ത്രങ്ങളുടെ വൃത്തി, കിടക്ക വിരിയുടെ വൃത്തി എന്നിവ ഉറപ്പാക്കുക. അസുഖം പിടിപെട്ടവർ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ ,ഗ്ലാസ് എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുക.മറ്റുള്ളവർ ഇവ ഉപയോഗിക്കരുത്. നഖങ്ങൾ അഴുക്കിരിക്കാതെ വെട്ടി സൂക്ഷിക്കുക. രോഗലക്ഷണങ്ങൾ കുറഞ്ഞാലും രണ്ടാഴ്ച എങ്കിലും പൊതുചടങ്ങുകളിൽ ഭക്ഷണം വിളമ്പുക,ആഹാരം പങ്കിടുക,ഭക്ഷണ ശാലകളിൽ പോകുക എന്നിവ ഒഴിവാക്കുക. രോഗലക്ഷണങ്ങൾ കുറയാത്ത പക്ഷം ഡോക്ടറുടെ നിർദേശം സ്വീകരിക്കണം. വീടുകളിൽ ആഹാരപാനീയ ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക. കിണർ /പൈപ്പ് /RO പ്ലാൻറ് തുടങ്ങി എവിടെ നിന്നുള്ള വെള്ളമാണെങ്കിലും 15 മിനിറ്റ് നേരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. പാചകത്തിനും പാത്രങ്ങൾ കഴുകുന്നതിനുമു ള്ള വെള്ളം ക്ലോറിൻ ടാബ്‌ലറ്റ് ഉപയോഗിച്ച് ശുദ്ധീകരിക്കുക. പാചകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം വിളമ്പുന്നതിന് മുമ്പും ആഹാരം കഴിക്കുന്നതിനുമുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകിയ ശേഷം ഉപയോഗിക്കുക. മുട്ട,കക്ക, കൊഞ്ച്,കണവ പോലെയുള്ള കടൽവിഭവങ്ങൾ , മാംസം എന്നിവ സമയം എടുത്ത് നന്നായി പാചകം ചെയ്ത ശേഷം കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കുക. പാനീയങ്ങൾ തയ്യാറാക്കുമ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള യാതൊരു പാനീയങ്ങളും ഉപയോഗിക്കരുത്. വീട്ടിലെ കുഞ്ഞുങ്ങൾ വയോജനങ്ങൾ എന്നിവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ വൃത്തി കൃത്യമായി ഉറപ്പാക്കുക. അടുക്കളയിലും ഭക്ഷണം കഴിക്കുന്നയിടത്തും ഈച്ച വരാതെ സൂക്ഷിക്കുക. മലവിസർജനം ടോയ്‌ലറ്റിൽ മാത്രം നടത്തുക. കുഞ്ഞുങ്ങളുടെ വിസർജ്യവും ടോയ്‌ലറ്റിൽ നിക്ഷേപിക്കുക. കുഞ്ഞുങ്ങളുടെ/ കിടപ്പുരോഗികളുടെ ഡയപ്പറുകൾ കൃത്യമായി സംസ്കരിക്കുക. കഴിയുന്നതും വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക. ആഹാര പാനീയ വിതരണശാലകൾക്കുള്ള നിർദ്ദേശങ്ങൾ പാചക ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. ക്ലോറിൻ ടാബ് ലെറ്റ് ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക. മുട്ട, മാംസം എന്നിവ ഭാഗികമായി മാത്രം പാകം ചെയ്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ, തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുള്ള പാനീയങ്ങൾ എന്നിവ രോഗപ്പകർച്ചയുടെ കാലത്ത് വിതരണം ചെയ്യരുത്. പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് ശുദ്ധ ജലത്തിൽ കഴിക്കുക. ഈച്ച വരാത്ത വിധം അടുക്കളയും ഭക്ഷണം വിതരണം ചെയ്യുന്ന ഇടവും വൃത്തിയായി സൂക്ഷിക്കുക,ഭക്ഷണ പാനീയങ്ങൾ മൂടി സൂക്ഷിക്കുക. കൈ കഴുകുന്നതിന് സോപ്പ് / ലിക്വിഡ് സോപ്പ് എന്നിവ വയ്ക്കുക. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് ഭക്ഷണപാനീയങ്ങകളിൽ ഉപയോഗിക്കരുത്. ഭക്ഷണം /വെള്ളം ഇവയുടെ സാമ്പിൾ പരിശോധന സ്ഥാപനത്തിൻറെ ശുചിത്വ പരിശോധന തുടങ്ങിയവയുമായി സ്ഥാപന ഉടമകൾ സഹകരിക്കുക. രോഗപ്പകർച്ചയ്ക്ക് ഇടയാക്കുന്ന വിധം ആഹാര പാനീയങ്ങൾ വിതരണം ചെയ്യുന്നത് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ശിക്ഷാർഹമാണ്.
