കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല പരിസ്ഥിതി പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വെച്ചൂർ ഗ്രാമപഞ്ചായത്ത് ബിഎംസി എന്നിവയുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിലെ ഇടയാഴത്തുള്ള തോടിന്റെ ഇരുകരകളിലുമായി നൂറിലേറെ കരകണ്ടൽ ചെടികൾ വച്ചുപിടിപ്പിച്ചു.

"പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി" എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയത്തെ മുൻനിർത്തിയാണ് തീരസംരക്ഷണ ജൈവവേലിയായ കണ്ടലുകൾ വച്ചുപിടിപ്പിച്ചത്. കാലാവസ്ഥ വ്യതിയാന ഫലമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം, ഓരുജല കയറ്റം, കൊടുങ്കാറ്റ്, തീരശോഷണം, ജൈവവൈവിധ്യ നാശം എന്നിവയ്ക്കെല്ലാം ഉള്ള പ്രകൃതിയുടെ ജൈവ കവചമാണ് കണ്ടൽ ചെടികൾ. വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഭിഷേക് എൻ. പഞ്ചായത്ത് സെക്രട്ടറി അജയകുമാർ പി.,ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. തോംസൺ ഡേവിസ്, അധ്യാപകരായ ഡോ. വി. പി. സൈലസ്, ഡോ. സിബു സൈമൺ, ഡോ. പ്രശാന്ത്, ഡോ. ജെറി, പ്രശോബ്, വിജി എന്നിവരും മറ്റു പഞ്ചായത്ത് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
