കോട്ടയം: പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതി പ്രകാരം നടന്നു വരുന്ന റോഡുകളുടെ നിർമ്മാണം ഓഗസ്റ്റ് 31 ന് മുമ്പ് പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി കോട്ടയം കളക്ടേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

പി.എം.ജി.എസ്.വൈ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട പരിപ്പ് തൊള്ളായിരം മാഞ്ചിറ, മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട വാകത്താനം സെൻ്റ് ജോൺസ് ചർച്ച് വള്ളിക്കാട്ട് ദയറാ, മടയൻകുന്ന് കുറവിലങ്ങാട് കുര്യം വില്ലോനി കുന്നം, മാണികാവ് വട്ടയിൽ തുങ്കൽ വട്ടക്കുന്ന്, ചെമ്മനാം കുന്ന് മുടക്കരിപ്പടവ്, കുളങ്ങരപ്പടി ചുണ്ടലിക്കാട്ട് പടി തറപ്പേൽ പടി, ആയാംകുടി, എഴുമാന്തുരുത്ത്, അട്ടക്കൽ, കടുത്തുരുത്തി, എന്നീ റോഡുകളുടെ നിർമ്മാണമാണ് 31നകം പൂർത്തിയാക്കേണ്ടത്. നിർമ്മാണം പൂർത്തിയായ പാറമട കുരീക്കൽ സെൻ്റ് തോമസ് പരുവനാടി ചിറക്കണ്ടം നടുവില മാവ്, ചേർപ്പുങ്കൽ മരങ്ങാട്ടുപള്ളി ഇടാട്ടുമന മുണ്ടുപാടം നെല്ലിപ്പുഴ ഇട്ടിയപ്പാറ പ്രാർത്ഥനാ ഭവൻ, എന്നീ റോഡുകളുടെ ഉദ്ഘാടനം ഉടനെ നടത്തുവാനും യോഗം തീരുമാനിച്ചു. ദീർഘനാളുകളായി നിർമ്മാണം തടസ്സപ്പെട്ടിരുന്ന കോതനല്ലൂർ ഓണംതുരുത്ത് ആനമല കുറുമുള്ളൂർ മുണ്ടു വേലിപ്പടി പറയമാക്കിൽ റോഡ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 3.25 കോടി രൂപ അനുവദിക്കുകയും അത് പ്രകാരം ടെൻഡർ വിളിക്കുകയും ചെയ്തിരുന്നു. ആരും കരാർ എടുത്തില്ല. അതിനാൽ വീണ്ടും ടെൻഡർ വിളിക്കുവാനും യോഗം തീരുമാനിച്ചു. പി.എം.ജി.എസ്.വൈ നാലാം ഘട്ടത്തിൽ ശുപാർശ ചെയ്ത 65 റോഡുകളിൽ 14 എണ്ണത്തിന് അനുമതി ലഭിച്ചു. 22 എണ്ണം ആവശ്യമായ നീളവും വീതിയും ലഭിക്കാത്തതിനാൽ റദ്ദ് ചെയ്യുവാനും ഇതിന് പകരമായി പുതീയ റോഡുകൾ ശുപാർശ ചെയ്യുവാനും തീരുമാനിച്ചു. ഫ്രാൻസിസ് ജോർജ് എം.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ മറ്റ് ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവർ സംബന്ധിച്ചു.
