കുടിശിക പെരുകിപ്പെരുകി കോടികൾ പിന്നിട്ടു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍, കൊടുത്തുതീർക്കാനുള്ളത് 138 കോടി രൂപ


കോട്ടയം: കോട്ടയം ജില്ലയിലുള്ളവർക്കൊപ്പം സമീപ ജില്ലകളിലുള്ളവർക്കും ഏറെ ആശ്വാസമായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. 138 കോടി രൂപയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം കമ്പനികള്‍ നിര്‍ത്തി.

 

 ഇതോടെ ദുരിതത്തിലായത് നിസ്സഹായരായ സാധാരണക്കാരായ രോഗബാധിതരാണ്. പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ടും കോട്ടയം മെഡിക്കൽ കോളേജിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്. മരുന്നിന്റെ വില കരാര്‍ അനുസരിച്ച് മരുന്ന് കമ്പനികൾക്ക് സര്‍ക്കാര്‍ യഥാസമയം നൽകാത്തതാണ് മരുന്ന് കമ്പനികൾ മരുന്ന് വിതരണം നിർത്തി വയ്ക്കാൻ കാരണം. കോട്ടയം ജില്ലയ്‌ക്കു പുറമെ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള രോഗികളും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തുന്നത്. മികച്ച ഡോക്ടര്‍മാരും മികച്ച ചികിത്സയും ലഭിക്കുമെന്നുള്ള വിശ്വാസമാണ് രോഗബാധിതരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നത്. മരുന്ന് ലഭ്യമല്ലാതായതോടെ ഇപ്പോൾ ഡോക്ടർമാർ മരുന്നുകൾ പുറത്തു നിന്നും വാങ്ങാൻ കുറിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാൽ പാവപ്പെട്ട രോഗികൾ വലയും. ഹൃദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളെല്ലാം നിലച്ചു. ചികിത്സാ ഉപകരണങ്ങളുമില്ല. ഹൃദ്രോഗ വിഭാഗത്തിൽ നിന്ന് ഏജൻസികൾ ഉപരണങ്ങൾ എടുത്തുകൊണ്ടു പോയിട്ടു ഒരുനടപടിയും സ്വീകരിക്കാനാകുന്നില്ല. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നവർക്ക് വൻ തുക സർക്കാർ കുടിശ്ശിക വരുത്തിയതോടെ ആശുപത്രികൾക്ക് നൽകിയ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണക്കാർ കഴിഞ്ഞ ഒക്ടോബറിൽ തിരിച്ചെടുത്തിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റും ഉപകാരണങ്ങളുമാണ് അന്ന് വിതരണക്കാർ തിരിച്ചെടുത്തത്. 4 കോടിയോളം രൂപ വരുന്ന ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ആണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിതരണക്കാർ തിരികെയെടുത്തത്. 2024 ജൂലൈ ഒന്നു മുതൽ സർക്കാർ മെഡിക്കൽ കോളേജുകളിലായി 158 കോടിയിലധികം രൂപ കുടിശ്ശികയായതിനെ തുടർന്നായിരുന്നു വിതരണക്കാരുടെ ഈ നടപടി. ഇപ്പോൾ കുടിശിക അധികമായതിനാൽ മരുന്ന് വിതരണവും കമ്പനികൾ നിർത്തി വെച്ചിരിക്കുകയാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ മരുന്നു വാങ്ങുവാന്‍ നിവൃത്തിയില്ലാതെ തിരികെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിങ് കൗണ്ടര്‍ പേരിന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് മരുന്ന് വിതരണം ചെയ്തതില്‍ മാത്രം 41 കോടി രൂപ വിതരണക്കാര്‍ക്ക് കൊടുക്കാനുണ്ട്. വിവിധ വിഭാഗങ്ങളിൽ വിലകൂടിയ മരുന്നുകളോ അനുബന്ധ സാധനങ്ങളോ ഇല്ലാതെയായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ചികിത്സാ ഉപകരണങ്ങള്‍ പലതും ഇല്ലാത്തതിനാല്‍ ഇവയും രോഗികള്‍ തന്നെ പുറത്തു നിന്നും വാങ്ങി നല്‍കേണ്ടി വരുന്നു. ഓങ്കോളജി വിഭാഗത്തില്‍ റേഡിയേഷന്‍ യന്ത്രം നന്നാക്കുവാന്‍ പണമില്ലാതെ വന്നതോടെ കമ്പനി ഇതു നന്നാക്കാന്‍ വിസമ്മതിക്കുകയും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് പ്രിന്‍സിപ്പല്‍ ഇടപെട്ട് പണം നല്കാമെന്ന് ഉറപ്പു നല്കി. ഇതിനു ശേഷമാണ് യന്ത്രം നന്നാക്കിയതും ചികിത്സ പുനരാരംഭിച്ചതും. പുതിയ സര്‍ക്കാര്‍ അടിയന്തിരമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പണം അനുവദിച്ചാല്‍ മാത്രമെ പ്രതിസന്ധിക്കു പരിഹാരമാകുകയുള്ളു. വേഗത്തിൽ പ്രതിസന്ധികൾക്ക് സർക്കാർ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് രോഗബാധിതരും ബന്ധുക്കളും.