പാലാ കൊല്ലപ്പള്ളിയിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി, മൃതദേഹം എട്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റേത്.


പാലാ: പാലാ കൊല്ലപ്പള്ളിയിൽ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി. എട്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റേത് ആണ് കണ്ടെത്തിയ മൃതദേഹം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 വേലിക്കകത്ത് വി എം ജോർജ് (വക്കച്ചൻ-79) നെയാണ് കഴിഞ്ഞ 30 മുതൽ കാണാതായത്. കാണാതായ ആൾ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടിരിക്കാം എന്ന സംശയത്തെത്തുടർന്നാണ് പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയത്. മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ടയിൽ നിന്നും സന്നദ്ധപ്രവർത്തന മേഖലയിലും രക്ഷാ പ്രവർത്തന മേഖലയിലും പ്രവർത്തിക്കുന്ന സംഘടനായ ടീം എമർജൻസി കേരളയുടെ പത്തോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ്  തിരച്ചിലിന് നേതൃത്വം നൽകിയത്. കഴിഞ്ഞ എട്ടു ദിവസമായി കാണാതായ വ്യക്തിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പുഴയിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് അധികൃതരെത്തിയത്. പ്രതികൂല സാഹചര്യങ്ങളെയും വകവെക്കാതെയാണ് രക്ഷാപ്രവർത്തകർ പുഴയിൽ പരിശോധന നടത്തിയത്. ദീർഘനേരത്തെ തിരച്ചിലിനൊടുവിൽ കാണാതായ വ്യക്തിയുടെ വീടിന്റെ കുറച്ചു അധികം താഴെ നിന്നും മൃതദേഹം ടീം എമർജൻസി പ്രവർത്തകർ കണ്ടെത്തുകയായിരുന്നു.