ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ഗോഡ്സെയുടെ പിൻമുറക്കാർക്ക് വഴിതെളിക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ നിലപാട് ആർഎസ്എസ്-കോൺഗ്രസ്സ് ബാന്ധവം വെളിവാക്കുന്നതാ


കോട്ടയം: ഗാന്ധിയുടെ പേരിലുള്ള സർവ്വകലാശാലയിൽ ഗോഡ്സെയുടെ പിൻമുറക്കാർക്ക് വഴിതെളിക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ നിലപാട് ആർഎസ്എസ്-കോൺഗ്രസ്സ് ബാന്ധവം വെളിവാക്കുന്നതാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു.

 

 മലയാള സർവ്വകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വിലക്കേർപ്പെടുത്തുവാൻ കർശനമായി നിർദ്ദേശിച്ച ഗവർണർ തന്നെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒത്താശയോടുകൂടി മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെനറ്റിൽ ബിജെപിക്കാരെ തിരുകിക്കയറ്റുന്നത്. സർവ്വകലാശാലയിലെ 30 അംഗ സെനറ്റിൽ 11 പേർ വിവിധ വകുപ്പ് മേധാവികളും ഡീന്മാരുമാണ്. ബാക്കി വരുന്നവരിൽ ഗവർണർ നിർദ്ദേശിച്ച 19 പേരിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രമീള ദേവി വരെ ഉൾപ്പെടുന്നു എന്നും വി എൻ വാസവൻ പറഞ്ഞു. യു.ഡി.എഫ്. സർക്കാരിന്റെ പിന്തുണയോടെ കൊച്ചി സർവകലാശാല അധ്യാപക സംഘടനാ നേതാവായ ഡി. മാവൂദിനെ വൈസ് ചാൻസലറാക്കിയതിന് പിന്നാലെയാണ് സെനറ്റ് പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്. വി സി നിയമനത്തിനായുള്ള സെർച്ച് കമ്മറ്റിയിലേക്ക് സർവകലാശാല പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ മാസം 26ന് നടത്തുവാൻ ഇരുന്ന സെലക്ട് കമ്മിറ്റി യോഗം തലേദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമായി വൈസ് ചാൻസലർ നടത്തിയ കമ്മറ്റിക്ക് പിന്നാലെ മാറ്റിവെച്ചതിനെ അത്ര നിഷ്കളങ്കമായി കാണുവാൻ സാധിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ബുധനാഴ്ച മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറെ സന്ദർശിച്ചതും ഈ സാഹചര്യത്തിൽ കൂട്ടി വായിക്കേണ്ടതാണ് എന്നും വി എൻ വാസവൻ പറഞ്ഞു. രാജ്യത്ത് മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സർവ്വകലാശാലകളിൽ ഒന്നായ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വർഗീയതയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിത്തുകൾ പാകുന്ന രീതിയിലുള്ള പുതിയ സെനറ്റ് പാനൽ സമൂഹത്തിന് തെറ്റായ സന്ദേശമാണ്  നൽകുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നതിൽ കുപ്രസിദ്ധി ആർജിച്ചിട്ടുള്ള ഒരു പാർട്ടി എങ്ങനെയാണ് പ്രബുദ്ധ കേരളത്തിലെ ഈ അക്കാദമിക സ്ഥാപനത്തെ ഉന്നതിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുക എന്നും അദ്ദേഹം ചോദിച്ചു. അക്കാദമിക സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാൻ കൂട്ടുനിൽക്കുന്ന യു.ഡി.എഫ്. സർക്കാർ തങ്ങളുടെ നയം വ്യക്തമാക്കിയേ തീരൂ. ജനങ്ങളുടെ മതേതര ബോധത്തെയും ജനാധിപത്യ വിശ്വാസങ്ങളെയും പണയം വെക്കുന്ന ഇത്തരം ഒത്തുകളികൾ പ്രബുദ്ധ കേരളം തള്ളിക്കളയുക തന്നെ ചെയ്യുമെന്നും വി എൻ വാസവൻ പറഞ്ഞു.