പിങ്ക് നിറമണിഞ്ഞു മലരിക്കൽ! ആമ്പൽപ്പൂക്കൾ വിരിഞ്ഞു തുടങ്ങി, സഞ്ചാരികളുടെ മനം കവരാനൊരുങ്ങി കോട്ടയത്തിന്റെ പിങ്ക് വസന്തം.


കോട്ടയം: ഒരു നാട്ടിലേക്ക് ലോകം ഓടിയെത്തുന്നു, അതെ ഈ വാക്കുകൾക്കും അപ്പുറമാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ മനനസ്സിലെ അത്ഭുതങ്ങൾ. സ്വദേശികളും വിദേശികളുമായി നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളിൽ അത്ഭുതമാണ് ഇവിടെയെത്തുന്നവർക്ക്. സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പിങ്ക് നിറമണിഞ്ഞു കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായി ആമ്പൽപ്പൂക്കൾ മലരിക്കലിൽ വിരിഞ്ഞു തുടങ്ങി. മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് വസന്തം കാഴ്ചകൾക്ക് ഒരുക്കമാകുകയാണ്. ഇവിടേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി. മലരിക്കലിൽ ആമ്പൽപ്പൂക്കൾ മൊട്ടിട്ടു തുടങ്ങി. വരും ദിവസങ്ങളിൽ പൂക്കൾ കൂടുതലായി വിടർന്നു വരുന്നതോടെ ആമ്പൽ വസന്തത്തിന്റെ വിസ്മയ കാഴ്ചകൾ ആരംഭിക്കും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ വിരിയുന്നത്. ഇപ്പോൾ തിരുവായ്ക്കരി ഭാഗത്താണു കൂടുതൽ ആമ്പൽക്കാഴ്ചയുള്ളത്. ഓഗസ്റ്റോടെയാണ് മലരിക്കലിൽ ആമ്പൽ സീസൺ ആരംഭിക്കുന്നത്. മനംമയക്കുന്ന കാഴ്ചകൾ ഒക്ടോബർ വരെ നീണ്ടു നിൽക്കും. കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കലിൽ ആണ് ഏക്കറുകണക്കിന് പരന്നു കിടക്കുന്ന പാടശേഖരങ്ങളിലാണ് സഞ്ചാരികളെ ആകർഷിക്കുന്ന മനം മയക്കുന്ന പച്ചയിൽ പിങ്ക് പരവതാനി വിരിച്ച പോലെ ആമ്പൽപ്പൂക്കൾ വിടർന്നു നിന്ന് കാഴ്ചയുടെ വസന്തം ഒരുക്കുന്നത്. സഞ്ചാരികൾക്ക് ആമ്പൽ പാടത്തിലൂടെ വള്ളത്തിൽ യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട്. 2018 മുതൽ ആണ് ആമ്പൽ വിസ്മയം ഇത്രത്തോളം പ്രസിദ്ധമായി മാറിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടറിഞ്ഞവർ മലരിക്കലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആമ്പൽ വിസ്മയം കാണാനെത്തിയ എല്ലാവരിലും വിസ്മയകരമായ നയനാന്ദകര കാഴ്ചകൾ സമ്മാനിച്ചാണ് സഞ്ചാരികളെ മലരിക്കൽ യാത്രയാക്കിയത്. ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ഓഗസ്റ്റ് ആദ്യവാരം മുതൽ ഒക്റ്റോബർ വരെ മലരിക്കൽ മേഖലയ്ക്ക് ഉത്സവമാണ് ഈ ആമ്പൽ വസന്തം. സെലിബ്രിറ്റികളുടേതടക്കം നിരവധി ഫോട്ടോഷൂട്ടുകൾക്കും വെഡിങ് ഷൂട്ടുകൾക്കും ആമ്പൽ വിസ്മയം വേദിയാകുന്നുണ്ട്. കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിഞ്ഞു കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണു മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ എത്താം. മലരിക്കലിൽ നിന്നും മുൻപോട്ട് പോയാൽ തിരുവായിക്കരിയിൽ എത്താം. വിവിധ ഡിപ്പോകളിൽ നിന്നും കെ എസ് ആർ ടി സി മലരിക്കലിലേക്ക് ടൂറിസം യാത്രകൾ നടത്തിയിരുന്നു. വിവിധ മലയാളം-മറ്റു ഭാഷാ ചിത്രങ്ങളിലും മലരിക്കലിലെ ആമ്പൽ ഭംഗി ചിത്രീകരിച്ചിട്ടുണ്ട്. ആമ്പൽ വിസ്മയം കാണാനെത്തിയ എല്ലാവരിലും വിസ്മയകരമായ നയനാന്ദകര കാഴ്ചകൾ സമ്മാനിച്ചാണ് മുൻ വർഷങ്ങളിൽ സഞ്ചാരികളെ മലരിക്കൽ യാത്രയാക്കിയത്. 



മീനച്ചിലാർ - മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മാതൃകയായി വികസിപ്പിക്കുന്ന ഒരു ടൂറിസം കേന്ദ്രമാണ് കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ. കോട്ടയം കുമരകം റൂട്ടിൽ മലരിക്കലും പനച്ചിക്കാട് അമ്പാട്ടുകടവിലുമാണ് പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് ഫെസ്റ്റിവലായ ആമ്പൽ വസന്തം കൂടുതലായി കാണാനാകുക. ഇതോടൊപ്പം അയ്മനം പൂത്തൂക്കരി പാടശേഖരത്തും കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലും ജില്ലയുടെ സമീപ മേഖലകളിലും പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ വിസ്മയമൊരുക്കാറുണ്ട്.



രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. മലരിക്കലിലെ ആമ്പൽ വിസ്മയം ടൂറിസം ഭൂപടത്തിൽ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. സമീപ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നുമുൾപ്പടെ സഞ്ചാരികൾ ഈ വിസ്മയ കാഴ്ചകൾ കാണാനായി എത്തിയിരുന്നു.