കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ഗുണനിലവാര അംഗീകാരം.

ദേശീയ ആരോഗ്യ മിഷൻ (എൻ.എച്.എം) നടപ്പാക്കുന്ന 'ലക്ഷ്യ'പദ്ധതിയുടെ ഭാഗമായാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. 96.5 ശതമാനം മാർക്ക് നേടിയാണ് പുനർമൂല്യനിർണ്ണയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഈ നേട്ടം സ്വന്തമാക്കിയത്. 2022 ലാണ് കോട്ടയം മെഡിക്കൽ കോളേജിന് ആദ്യമായി 'ലക്ഷ്യ' അംഗീകാരം ലഭിച്ചത്. കേരളത്തിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജ് ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജ്. പ്രസവമുറികളുടെയും മാതൃത്വ ശസ്ത്രക്രിയാ തിയേറ്ററുകളുടെയും സേവന നിലവാരം വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കാണ് 'ലക്ഷ്യ' ഗുണനിലവാര സർട്ടിഫിക്കേഷൻ നൽകുന്നത്.
