രണ്ടാം ഊഴമില്ല, ജോർജ് കുര്യന് രാജ്യസഭാ സീറ്റില്ല, കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായേക്കും.


കോട്ടയം: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ ജോർജ് കുര്യന്‍റെ പേരില്ല. ഇതോടെ രാജ്യസഭയിലേക്ക് ജോർജ് കുര്യന് രണ്ടാം ഊഴമില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

 

 ഇത്തവണ രാജ്യസഭാ സീറ്റ് കുര്യന് ലഭിച്ചേക്കില്ല. മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. കുര്യനെ മധ്യപ്രദേശിൽ നിന്നും വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ പതിനെട്ടിനാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാ അംഗമാണ് അദ്ദേഹം. ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും. മധ്യപ്രദേശില്‍ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുണ്‍ ചുഘ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയാണ് ജോർജ് കുര്യന്. 2024 ജൂണിലാണ് ജോർജ് കുര്യൻ രാജ്യസഭാ എം പിയായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് പതിറ്റാണ്ടിലേറെയായി ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് ജോ‍ർജ് കുര്യൻ. യുവമോർച്ച ദേശീയ വൈസ് പ്രസിഡൻറ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ ജോർജ് കുര്യൻ വഹിച്ചിട്ടുണ്ട്. 1980 കളിൽ ബിജെപി രൂപീകരിച്ചപ്പോൾ മുതൽ പാർട്ടിയുടെ ഭാ​ഗമാണ് ജോർജ് കുര്യൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽനിന്ന് ജനവിധി തേടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. 2021-ൽ അൽഫോൺസ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാൾ കുറഞ്ഞ വോട്ടാണ് ജോർജ് കുര്യന് കേന്ദ്ര മന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്.