കോട്ടയം: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐഎം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. ജനകീയ പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

ഇന്ധന-എൽപിജി വില വര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെയും അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുമുള്ള ഒരു താക്കീതാണ് ഈ സമരം എന്ന് വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു. സാധാരണക്കാരന്റെ അടുക്കള പൂട്ടിക്കാൻ ഇറങ്ങിയിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയെ വിറ്റുതുലച്ച് എല്ലാം കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന അധികാരദല്ലാളുകൾക്കെതിരെയുള്ള ജനകീയ പ്രതിഷേധങ്ങൾ ഓരോ തെരുവിലും ഉയരണം. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും വി എൻ വാസവൻ പറഞ്ഞു.
