കോട്ടയം: കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. രണ്ട് മാസത്തിനിടെ 168 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയത്. മെയ് മാസം മുതൽ രോഗം പടർന്നുപിടിക്കുകയാണ്. കറുകച്ചാൽ, മാടപ്പള്ളി പ്രദേശത്തുള്ളവർക്കാണ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത്.

പകർച്ച പനിയും ജില്ലയിൽ ആശങ്കയുയർത്തുന്നുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ നിരവധിപ്പേരാണ് ദിവസേന പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നത്. പകർച്ചപ്പനിക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ ഡെങ്കിപ്പനി ബാധിച്ച് 187 പേരും എലിപ്പനി ബാധിച്ച് 23 പേരും ചികിത്സ തേടി. ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചങ്ങനാശ്ശേരി-വൈക്കം നഗരസഭാ മേഖലകളിൽ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. പായിപ്പാട്,വാഴപ്പള്ളി, ഉഴവൂർ,വെളിയന്നൂർ, കുറവിലങ്ങാട്,കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലും വെളളൂർ,ചെമ്പ്, ഉദയനാപുരം,ടി വി പുരം,വെച്ചൂർ പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 3 പഞ്ചായത്തുകളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ മഞ്ഞപ്പിത്തം കൂടുതലാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനിടെ മുപ്പതോളം പേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ഇരുപതോളം പേർക്ക് ഡെങ്കിപ്പനിയും ബാധിച്ചു.
