വൈക്കം: വൈക്കം ടിവി പുരം പഞ്ചായത്തിൽ ചേരിക്കൽ പുതിയതായി നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിൽ നിന്നും ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയതായി പരാതി.

19 കിലോ തൂക്കംവരുന്ന 16 കൊമേഴ്‌സ്യൽ സിലിണ്ടറുകൾ ആണ് മോഷണം പോയത്. 75,000 രൂപയുടെ നഷ്ടമുണ്ടായതയായാണ് പ്രാഥമിക വിലയിരുത്തൽ. ആധുനിക ഗ്യാസ് പൊതുശ്മശാനത്തിനുസമീപം മുറിയിൽ സൂക്ഷിച്ചിരുന്ന സിലിടറുകളാണ് മോഷണം പോയത്. മുറിയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്. കഴിഞ്ഞദിവസം ഹരിതകർമസേനാംഗങ്ങൾ സമീപത്തുള്ള എംസിഎഫിന്റെ മുറി തുറക്കാനെത്തിയപ്പോൾ കതകിന്റെ പൂട്ട് തകർത്തനിലയിൽ കണ്ടതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ പോലീസ് സംഘവും വിരലടയാളവിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും, യാതൊരു സൂചനയും ലഭിച്ചില്ല. സ്ഥലത്തെ സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു. ഏപ്രില്‍ ഒന്നിനുശേഷമുള്ള ദിവസമാണ് മോഷണം നടത്തിയിട്ടുള്ളത് എന്നാണു പ്രാഥമിക നിഗമനം. വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ടിവി പുരം ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ 93 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ശ്മശാനം നിർമിച്ചത്. 2025 ഒക്ടോബറിൽ ഇതിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും, പ്രവർത്തിക്കുന്നതിനാവശ്യമായ രേഖകൾ ലഭിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. രേഖകൾ ലഭിച്ചതിനെ തുടർന്ന് കളക്ടറുടെ അനുമതി ലഭ്യമായാൽ ജൂലൈ മാസത്തിൽ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
