കോട്ടയം: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂക്കക്ക് വീണ്ടും ഡോക്ടറേറ്റ്. എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിക്കും.

മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ഡോക്ടറേറ്റ് നൽകും. അസംബ്ലി ഹാളിൽ രാവിലെ ഒൻപതരയ്ക്ക് നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, വൈസ് ചാൻസലർ ഡോ.അരവിന്ദകുമാർ, രജിസ്ടാർ ഡോ.ബിസ്മി ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 12 തവണ ഫിലിംഫെയർ പുരസ്‌കാരവും നേടി. 1998-ൽ പത്മശ്രീയും 2026 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. കേരള സർവകലാശാലയുടെയും കലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ് മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
