വെറൈറ്റികളുമായി സ്‌കൂൾ വിപണി, സ്‌കൂൾ തുറക്കാൻ ഒരാഴ്ച മാത്രം, ജില്ലയിൽ സ്‌കൂൾ വിപണി സജീവം, താരങ്ങളായി കുടകളും ബോക്സുകളും.


കോട്ടയം: സ്‌കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കവേ കോട്ടയം ജില്ലയിൽ സ്‌കൂൾ വിപണി ഉണർവ്വിലേക്ക്. കഴിഞ്ഞ ആഴ്ച മുതൽ തന്നെ ജില്ലയിൽ സ്‌കൂൾ വിപണി സജീവമായി കഴിഞ്ഞിരുന്നു.

 

 പുത്തൻ ബാഗുകളും കുടകളും ബുക്കുകളും ലഞ്ച് ബോക്സുകളും ഉൾപ്പടെ സ്‌കൂളിലേക്ക് പോകാനായി വേണ്ടുന്ന സാധനങ്ങൾ ഇഷ്ട്ടപെട്ടു തിരഞ്ഞെടുക്കുന്ന തിരക്കിലും സന്തോഷത്തിലുമാണ് കുട്ടികൾ. ഇത്തവണ സ്‌കൂൾ വിപണിയിൽ ട്രെൻഡിങ് വെറൈറ്റി കളക്ഷനുകളാണ് എല്ലാ സാധനങ്ങളിലും എത്തിയിരിക്കുന്നത്. വിവിധതരം സ്‌കൂൾ ബാഗുകളും കുടകളും വിപണിയിൽ ലഭ്യമാണ്. ഡിജിറ്റൽ പെൻസിൽ ബോക്സുകളും ഫാൻസി പെൻസിലുകളും ഫാൻസി പേനകൾക്കും കുട്ടികളിൽ ആവശ്യമേറി വരികയാണ്. നിരവധി ഓഫറുകളാണ് ജില്ലയിൽ വിവിധയിടങ്ങയിൽ വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. 10 ബുക്കുകൾക്ക് 5 ബുക്കുകളും ബാഗുകൾക്ക് 10 മുതൽ 30 ശതമാനം വരെ വിലക്കുറവും ഉൾപ്പടെ ട്രെൻഡിങ് ഓഫറുകളും വിപണിയിൽ ലഭ്യമാണ്. നേഴ്‌സറി, ഒന്നാം ക്ലാസ് കുട്ടികൾക്കായുള്ള കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ബാഗുകളും വാട്ടർ ബോട്ടിലുകളും കുടകളും വിപണിയിൽ ലഭ്യമാണ്. വിലക്കുറവുമായി കൺസ്യൂമർ ഫെഡും സ്‌കൂൾ വിപണി ആരംഭിച്ചിട്ടുണ്ട്. 200 രൂപ മുതൽ 800 രൂപ വരെയുള്ള കുടകൾ വിപണിയിലുണ്ട്. പേ​ന​ ​മുതൽ​ ​ബാ​ഗ് ​വ​രെ​ ​എല്ലാത്തിനും ​ക​ഴി​‍​ഞ്ഞ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ ​വി​ല​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട് എന്ന് വ്യാപാരികൾ പറഞ്ഞു. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ബാഗുകളും ലഭ്യമാണ്. 500 രൂപ മുതൽ 1500 രൂപ വരെയുള്ള ബാഗുകൾക്കാണ് ആവശ്യക്കാരേറെയും. വാട്ടർ ബോട്ടിലുകളിലും പെൻസിൽ ബോക്സുകളിലും ഇത്തവണ കൂടുതൽ പുതുമകളും വ്യത്യസ്തതകളുമുണ്ട്.