കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാൽ (33) ന്റെ ഹൃദയമാണ് ഹൃദ്രോഗത്തോട് പൊരുതി ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ അരുൺ ഷാജി സ്വീകരിക്കുന്നത്.

ഡോ. ടി. കെ ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. എയർ ആംബുലന്സിലാണ് തിരുവനന്തപുരത്തു നിന്നും ഹൃദയം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിയത്. ഇവിടെ നിന്നും റോഡ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച ഉടനെ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. കുമരകം സ്വദേശിയായ കുന്നത്തുകളത്തിൽ അരുൺ ഷാജി 1997 മുതൽ ഹൃദയസംബന്ധമായ രോഗബാധിതനായിരുന്നു. രണ്ട് തവണ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുഖം പ്രാപിക്കാഞ്ഞതിനാൽ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. അരുണിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ ഫണ്ട് ശേഖരണം നടത്തിയിരുന്നു. മന്ത്രി വി എൻ. വാസവൻ നേരിട്ട് ഇതിന് മുൻകൈ എടുക്കുകയും ആദ്യ സംഭാവനയായി 50,000 രൂപ നൽകുകയും ചെയ്‌തു. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്താൽ 14 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. കോട്ടയം മെഡിക്കൽ കോളജിനെ സംബന്ധിച്ച് പന്ത്രണ്ടാമത് ഹൃദയ മാറ്റ ശസ്ത്രക്രിയയാണ് ഇതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ഏഴ് കരൾ മാറ്റ ശസ്‌ത്രക്രിയകളും 300ൽ പരം വൃക്ക ശസ്ത്രക്രിയകളും നടന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിരവധി അവയവമാറ്റ ശസ്‌ത്രക്രിയകളിൽ നടന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒരു നാട് മുഴുവൻ പ്രാർത്ഥനയിലാണ് ശസ്ത്രക്രിയ വിജയകരമാക്കി അരുണിന്റെ തിരിച്ചു വരവിനായി. കൃഷ്‌ണലാലിന്റെ ഹൃദയം ഇനി അരുണിൽ തുടിക്കും.
