കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ പുരോഗമിക്കുന്നു. വാഹനാപകടത്തിൽ ചികിൽസയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയുടെ ഹൃദയം സ്വീകരിക്കുന്നത് കോട്ടയം കുമരകം സ്വദേശിയാണ്.

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാൽ (33) ന്റെ ഹൃദയമാണ് ഹൃദ്രോഗത്തോട് പൊരുതി ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ അരുൺ ഷാജി സ്വീകരിക്കുന്നത്. അരുണിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി അവയവവുമായി കേരള സർക്കാരിൻ്റെ എയർ ആംബുലൻസ് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ലാൻഡ് ചെയ്തതിനു ശേഷം പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ റോഡ് മാർഗ്ഗം കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. എയർ ആംബുലൻസ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ രണ്ടരയ്ക്ക് ലാൻഡ് ചെയ്ത നിമിഷം മുതൽ അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റോഡ് മാർഗ്ഗം എത്തിക്കാൻ പൊലീസും പൊതു ജനങ്ങളും എം.സി റോഡിൽ വഴിയൊരുക്കിയിരുന്നു. അതിനാൽ ഡോക്ടർമാർ നിശ്ചയിച്ച രീതിയിൽ സമയബന്ധിതമായി ആശുപത്രിയിൽ എത്തിച്ചേരാനായി. ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുരോഗമിക്കുന്നു. കുമരകം സ്വദേശിയായ കുന്നത്തുകളത്തിൽ അരുൺ ഷാജി 1997 മുതൽ ഹൃദയസംബന്ധമായ രോഗബാധിതനായിരുന്നു. രണ്ട് തവണ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുഖം പ്രാപിക്കാഞ്ഞതിനാൽ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.
