കോട്ടയം: കേരളത്തിലെ ആദ്യത്തെ ബ്ലഡ് മൊബൈൽ കോട്ടയം മെഡിക്കൽ കോളേജ് രക്ത ബാങ്ക് വിഭാഗത്തിന് ലഭിച്ചു. പഴയ ബ്ലഡ് വാൻ കാലഹരണപ്പെട്ടപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിന് കൈത്താങ്ങായത് എം.ആർ.എഫ്. കമ്പനിയാണ്.

പുതിയ ബ്ലഡ് മൊബൈൽ തങ്ങളുടെ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുകയാണ് ഉണ്ടായത്. മെഡിക്കൽ സൂപ്രണ്ട് ഡോ. ടി കെ. ജയകുമാർ, ട്രാൻസ്ഫ്യൂഷൻ വിഭാഗം മേധാവി ഡോ.ചിത്ര ജെയിംസ്, കേരളാ സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ ഉദ്യോഗസ്ഥർ, എന്നിവരുടെയെല്ലാം ശ്രമഫലമായിട്ടാണ് കോട്ടയം മെഡിക്കൽ കോളേജ് രക്ത ബാങ്കിന് വാഹനം ലഭിച്ചത്. മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ എംആർഎഫ് അധികൃതരിൽ നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വകുപ്പ് മേധാവി ഡോ.ചിത്ര ജെയിംസും ചേർന്ന് ബ്ലഡ് മൊബൈൽ ഏറ്റുവാങ്ങി
