പാലാ: അധികാരത്തിലെത്തിയാൽ മദ്യശാലകൾ അനുവദിക്കില്ല എന്ന് പറഞ്ഞിരുന്ന സർക്കാർ കഴിഞ്ഞ പത്തു വർഷമായി സർക്കാർ ഒരു നിയന്ത്രണവുമില്ലാതെ ബാറുകൾ അനുവദിക്കുന്നു എന്നും ഫീസടച്ചാൽ ബാറിന്‍റെ സമയം വെളുപ്പാൻകാലംവരെ നീട്ടിക്കൊടുക്കും എന്നും സംസ്ഥാനസർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

കെസിബിസിയും പാലാ മദ്യവിരുദ്ധസമിതിയും ചേർന്ന് പാലായിൽ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. മദ്യം വെറുതെ കുടിക്കാനുള്ള ഒരു പാനീയമല്ല, പല കുടുംബങ്ങളുടെയും തകർച്ചയ്ക്കും കണ്ണീരിനും കാരണക്കാരൻ മദ്യമാണ്. മദ്യത്തിന്റെ പിടിയിൽ നിരവധി കുടുംബങ്ങളാണ് തകർന്നിട്ടുള്ളത്. തർക്കങ്ങങ്ങളും ഏറ്റുമുട്ടലുകളും കൊലപാതകവും ഇതിന്റെ ഉപയോഗം മൂലം സമൂഹത്തിൽ നടക്കുന്നു. അധികാരം കയ്യിലുള്ള സർക്കാരാണ് മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത്, എന്നാൽ ഇപ്പോഴത്തെ സർക്കാർ കൂടുതൽ കൂടുതൽ ബാറുകൾ അനുവദിക്കുകയും നിയന്ത്രണങ്ങളും നിയമങ്ങളും ഇല്ലാതാക്കുകയും ചെയ്യുകയാണ് എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് വിമർശിച്ചു. മദ്യത്തിന് പേരിടാൻ മത്സരം സംഘടിപ്പിക്കുന്നു, ഫീസടച്ചാൽ ബാറിന്‍റെ സമയം വെളുപ്പാൻകാലംവരെ നീട്ടിക്കൊടുക്കുന്നു, പുതിയ മദ്യ നിർമ്മാണശാല തുടങ്ങുന്നതും സർക്കാരാണ് എന്ന് പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മദ്യത്തിനെതിരെ പോരാടിയില്ലെങ്കിൽ വരുന്നത് മഹാവിപത്താണെന്നും വരുന്ന തലമുറകൾ പോലും ഈ വിപത്തിന്റെ പിടിയിലാകുമെന്നും പാലാ അതിരൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.
