കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും യുഡിഎഫിൽ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണ്ണയവും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന പുതുയുഗയാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ഇനി മുന്നണിയിൽ തിരക്കിട്ട സ്ഥാനാർഥി ചർച്ചകൾക്കായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക.

അതേസമയം കേരളാ കോൺഗ്രസ്സിന്റെ കൂടുതൽ സീറ്റുകൾ വിജയസാധ്യത മുൻനിർത്തി കോൺഗ്രസ്സ് ആവശ്യപ്പെടുന്നുണ്ട്. സീറ്റുകൾ വിട്ടുനൽകാൻ കേരളാകോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ പാർട്ടിക്കുളിൽ ചർച്ചകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. സീറ്റുകൾ വിട്ടുനല്കുന്നതിനോട് പാർട്ടിക്കുള്ളിൽ ആർക്കും താല്പര്യമില്ല. ഏതെങ്കിലും സീറ്റുകൾ വിട്ടുനൽകിയാൽ പകരം പൂഞ്ഞാർ സീറ്റ് നല്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലവിലെ തീരുമാനം. വിജയ സാധ്യതയെന്ന കോൺഗ്രസിന്റെ അതേ തന്ത്രം തിരിച്ചു പയറ്റുകയാണ് കേരളാ കോൺഗ്രസ്സും. പൂഞ്ഞാർ മണ്ഡലം കോൺഗ്രസ്സിൽ നിന്നും കേരളാ കോൺഗ്രസ്സ് ആവശ്യപ്പെടുന്നത് പി സി തോമസിനെ മത്സരിപ്പിക്കാനാണോ എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. മുൻപ് പി സി തോമസ് എം പി യായി മത്സരിച്ചു വിജയിച്ച മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു പൂഞ്ഞാർ. സീറ്റ് നിർണ്ണയത്തിൽ കോൺഗ്രസ്സും കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവുമായി വടംവലി തുടരുകയാണ്. പകരം സീറ്റ് നൽകാതെ ഒരു സീറ്റ് പോലും വിട്ടുനൽകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ജോസഫ് വിഭാഗം. തൊടുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഇടുക്കി, കുട്ടനാട്, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ചത്. സിറ്റിംഗ് സീറ്റായ തൊടുപുഴയും കടുത്തുരുത്തിയും ഒഴികെയുള്ള സീറ്റുകളിൽ കോൺഗ്രസ്സ് കണ്ണുവെച്ചിട്ടുണ്ട്. കൂടുതലായും ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട്,ഇടുക്കി സീറ്റുകളാണ് കോൺഗ്രസ്സ് നോട്ടമിട്ടിരിക്കുന്നത്. ഏറ്റുമാനൂരിൽ വി എൻ വാസവനെയും ഇടുക്കിയിൽ റോഷി അഗസ്റ്റിനെയും പരാജയപ്പെടുത്താൻ കോൺഗ്രസ്സ് സ്ഥാനാർഥി തന്നെ മത്സരിക്കണമെന്നാണ് യുഡിഎഫ് നിലപാട്. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് എന്നിവരുടെ പേരുകളാണ് ഏറ്റുമാനൂരിൽ കോൺഗ്രസ്സ് പരിഗണിക്കുന്നത്. ചങ്ങനാശ്ശേരി സീറ്റിലും കോൺഗ്രസ്സ്-കേരളാ കോൺഗ്രസ്സ് തർക്കം തുടരുകയാണ്. ജോസഫ് വിഭാഗത്തിൽ ഇത്തവണയും വി ജെ ലാലി തന്നെ മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി വി ജെ ലാലിയാണ് മത്സരിച്ചത്. ജോസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മന്റെ പേര് വരെ മണ്ഡലത്തിലേക്ക് കോൺഗ്രസ്സ് പരിഗണിക്കുന്നുണ്ട്.
