അങ്കമാലി–ശബരി റെയിൽപാത; ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ, കേന്ദ്രവും സംസ്ഥാനവും കൈകോർത്തു, മൂന്നു പതിറ്റാണ്ടിനുശേഷം പദ്ധതി വീണ്ടും മുന്


എരുമേലി: കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൈകോർത്തതോടെ മൂന്നു പതിറ്റാണ്ടിനുശേഷം അങ്കമാലി–ശബരി റെയിൽ പദ്ധതി വീണ്ടും മുന്നോട്ട്. 111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി-എരുമേലി-ശബരി പാതയിൽ 14 സ്റ്റേഷനുകളാണുണ്ടാവുക.

 

 സ്ഥലമേറ്റെടുക്കൽ നടപടികൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയിൽവേമന്ത്രി ഇന്നലെ പ്രഖ്യാപിച്ചതോടെ പദ്ധതി നടപ്പാവുമെന്ന് ഉറപ്പായി. ഇതോടെ ശബരി റെയിൽ പദ്ധതിയിൽ വീണ്ടും കേരളത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ്. പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ നാളെ എറണാകുളം, ഇടുക്കി, കോട്ടയം കലക്‌ടർമാരും ദക്ഷിണ റെയിൽവേയുടെ എറണാകുളത്തെ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി  അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ജൂലൈ മാസത്തിൽ റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചു വർഷത്തിനു ശേഷമാണ്‌ പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കുന്നത്‌. ആരംഭകാലത്ത്‌ 550 കോടി മാത്രം ചെലവ്‌ പ്രതീക്ഷിച്ച പദ്ധതി നീണ്ടതോടെ ഒടുവിൽ 3810 കോടി രൂപയായി ഉയർന്നു. ഇതിന്റെ പകുതി കിഫ്‌ബി വഴി സംസ്ഥാനം വഹിക്കാമെന്ന്‌ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. അങ്കമാലി-എരുമേലി ശബരീപാതയിൽ അങ്കമാലി മുതൽ കാലടി വരെയുള്ള ഭാഗത്ത് 7 കിലോമീറ്റർ പാതയാണു നിലവിൽ പൂർത്തിയായത്. വർഷങ്ങൾക്ക് മുൻപ് 70 കിലോമീറ്റർ അലൈൻമെന്റ് പൂർത്തിയാക്കിയിരുന്നു. 1998ലാണ്‌ പദ്ധതി അനുവദിച്ചത്‌. രാമപുരം, ഭരണങ്ങാനം,ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് ജില്ലയിലെ ശബരി റെയിൽ പാതയിലെ സ്റ്റോപ്പുകൾ. വിജ്ഞാപനമിറക്കാൻ പുതുക്കിയ അലൈൻമെന്റ് കളക്ടർമാർ അന്തിമമാക്കേണ്ടതുണ്ട്. കളക്ടർമാർ വിജ്ഞാപനമിറക്കിയാൽ ഭൂമിയേറ്റെടുക്കലിന് പണംഅനുവദിക്കും. സ്പെഷ്യൽ തഹസിൽദാർമാരെ ഭൂമിയേറ്റെടുക്കലിന് ചുമതലപ്പെടുത്താനും ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കാനും റവന്യുവകുപ്പും നടപടിതുടങ്ങി. പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ അടുത്തിടെ റദ്ദാക്കിയിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416ഹെക്ടറോളം ഭൂമിയേറ്റെടുക്കണം. 1,​400കോടിയോളം മുടക്കേണ്ടിവരും. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് 3,795 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. റെയിൽ പാതകളുടെ വികസനവുമായി ബന്ധപ്പെട്ട് നേരത്തേ 1,​975 കോടി അനുവദിച്ചിരുന്നു. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച 105 റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ പിന്തുണ തേടി മുഖ്യമന്ത്രിക്ക് കത്തയച്ചെന്നും പറഞ്ഞു. ശബരിമല തീർഥാടകർക്ക് പുറമെ, മലയോര മേഖലയിലെ കാർഷിക-വ്യാവസായിക ഉത്പന്നങ്ങളുടെ നീക്കത്തിനും വിനോദസഞ്ചാരത്തിനും ഈ പാത വലിയ കുതിപ്പേകും. കൊച്ചി വിമാനത്താവളവുമായി കാലടി സ്റ്റേഷനുള്ള ദൂരക്കുറവ് പദ്ധതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.