കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ ആംബുലൻസ് ഡ്രൈവർമാരും യുവാക്കളും തമ്മിൽ കൂട്ടത്തല്ല്. സംഭവത്തിൽ മൂന്ന് ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഡ്രൈവർമാരും യുവാക്കളും തമ്മിലുണ്ടായ വാക്കേറ്റമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ മൂന്ന് ആംബുലൻസ് ഡ്രൈവർമാരെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തർക്കം രൂക്ഷമായതോടെ ഡ്രൈവർമാർ ചേർന്ന് യുവാക്കളെ മർദ്ദിക്കുകയായിരുന്നു. ആശുപത്രി പരിസരത്ത് നടന്ന കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗാന്ധിനഗർ പോലീസ് ആംബുലൻസ് ഡ്രൈവർമാരെ സ്റ്റേഷനിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

